Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോര് ഇനി മുഖാമുഖം; പടയ്ക്കൊരുങ്ങി നേതാക്കൾ

mani-congress-rain-cartoon

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിന്റെ പേരിൽ കോൺഗ്രസിൽ തുടരുന്ന വാക്പോര് പാർട്ടി ഫോറത്തിലേക്ക്. രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനും കെപിസിസി നേതൃയോഗം നാളെ രാവിലെ 11നും ചേരുമ്പോൾ കോൺഗ്രസാകെ പിരിമുറുക്കത്തിൽ. ഇതുവരെ പലയിടത്തുനിന്നു നേതൃത്വത്തിനെതിരെ തിരിഞ്ഞവർ ഒരുമിച്ചു പോർമുഖം ശക്തമാക്കും. കൈകോർത്തു പ്രതിരോധിക്കാനാണ് നേതൃത്വത്തിന്റെയും ശ്രമം.

എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. ആന്ധ്രയുടെ ചുമതലയുള്ള അദ്ദേഹം മുൻനിശ്ചയപ്രകാരം നാലിനു ഹൈദരാബാദിലേക്കു തിരിക്കും. യോഗത്തിൽ മുഴുവൻ സമയവുമിരിക്കാൻ കഴിയാത്തതിനാൽ ഉമ്മൻചാണ്ടി പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. സമിതിയംഗങ്ങളായ പി.ജെ. കുര്യൻ, പി.സി. ചാക്കോ, ഷാനിമോൾ ഉസ്മാൻ എന്നിവർ അവസാനം വരെ സീറ്റ് പ്രതീക്ഷ നൽകി കബളിപ്പിച്ചുവെന്ന വികാരത്തിലുമാണ്.

ഇന്നലെയും പരസ്യപ്രതിഷേധം തുടർന്ന വി.എം. സുധീരൻ വിട്ടുവീഴ്ചയ്ക്കു തയാറാകില്ല. ചർച്ച കൂടാതെ സീറ്റ് അടിയറവച്ചതിലുള്ള അതൃപ്തി കെ. മുരളീധരൻ, കെ.വി. തോമസ് എന്നീ സമിതിയംഗങ്ങളും പ്രകടമാക്കി. പരസ്യ പ്രതികരണത്തിനു മുതിരാത്ത ചിലർ പാർട്ടി ഫോറത്തിൽ തുറന്നുപറയാനുള്ള തീരുമാനത്തിലുമാണ്. ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കങ്ങളെ അതേസമയം, എ ഗ്രൂപ്പ് ചെറുക്കും.

∙ നേതൃത്വത്തിനെതിരെ തിരിഞ്ഞവർ പറയുന്നു: ‘അറിഞ്ഞിട്ടും പറഞ്ഞില്ലല്ലോ?’

കോൺഗ്രസിനു ലഭിക്കാവുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് അടിയറവയ്ക്കാനുള്ള തീരുമാനം പാർട്ടിയെ ആകെ ഇരുട്ടിൽ നിർത്തിയാണ് എടുത്തത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുവേളയിൽ തന്നെ കെ.എം. മാണിയുടെ ഈ ആവശ്യം അറിയാമായിരുന്ന ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ അവസാനംവരെ അതു മറച്ചുവച്ചു.

പാർട്ടിയുടെ നന്മ കണക്കാക്കിയേ നീങ്ങൂവെന്ന വിശ്വാസത്തിലാണ് പ്രധാന തീരുമാനങ്ങളെടുക്കാനുള്ള ചുമതല ഈ മൂന്നുപേർക്കും നൽകിയത്. ആ വിശ്വാസം പാലിച്ചില്ല. കോൺഗ്രസിനെ വൻ പ്രതിസന്ധിയിലാക്കുന്ന വിലപേശലാണ് മാണി നടത്തുന്നതെങ്കിൽ ഡൽഹിക്കു തിരിക്കും മുമ്പേ രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു വിശദീകരിക്കാമായിരുന്നു, സീറ്റ് നിഷേധിച്ചാലുണ്ടാകുന്ന കെടുതി ബോധ്യപ്പെടുത്താമായിരുന്നു. അതു ചെയ്യാതിരുന്നതു സംശയങ്ങളും ചോദ്യങ്ങളും ബാക്കിയാക്കി.

∙ ആരോപണങ്ങൾക്കു നേതൃത്വത്തിന്റെ മറുപടി: ‘മുന്നണിയുടെ ഭാവി നോക്കി’

രാജ്യസഭാ സീറ്റ് മാണി ചോദിച്ചെങ്കിലും അടുത്ത തവണത്തെ ഊഴം നൽകി തൃപ്തിപ്പെടുത്താമെന്നാണു ഡൽഹിക്കു തിരിക്കുംവരെ കരുതിയിരുന്നത്. സീറ്റ് ലഭിക്കാനിടയുള്ള സാഹചര്യത്തിലല്ലാതെ പുറത്തുപറയരുതെന്ന ഉപാധി മാണി ഗ്രൂപ്പ് മുന്നോട്ടുവച്ചിരുന്നു. സീറ്റ് ചോദിച്ച തങ്ങളെ അതു തരാതെ അപമാനിക്കുന്നതിനുകൂടി അതു വഴിവയ്ക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

ഡൽഹിയിലെത്തിയപ്പോൾ മാണി വഴങ്ങാതിരിക്കുകയും മുസ്‍ലിം ലീഗ് പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ മാന്യമായി മാണിയെ മുന്നണിയിലെത്തിച്ചില്ലെങ്കിൽ ആ ശ്രമം അവസാനിപ്പിക്കുമെന്നു ലീഗ് വ്യക്തമാക്കി. വിജയസാധ്യതയില്ലാത്ത ഒരു മുന്നണിയിൽ തുടർന്നിട്ടെന്തു കാര്യമെന്ന അപകടകരമായ സൂചനയും ലീഗ് നൽകി. യുഡിഎഫിനെ ശക്തമാക്കാനുള്ള കോൺഗ്രസിന്റെ വിട്ടുവീഴ്ചയായിട്ടു മാത്രമാണ് രാജ്യസഭാ സീറ്റ് അവർക്കു നൽകിയത്. അതിൽ മൂന്നു നേതാക്കൾക്കും തുല്യ ഉത്തരവാദിത്തമാണ്.