Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭാ സീറ്റ്: കോൺഗ്രസ് നേതാക്കളെ വിമർശിച്ച് ലീഗ് മുഖപത്രം

sudheeran-murali

മലപ്പുറം ∙ രാജ്യസഭാ സീറ്റ് മാണിക്കു വിട്ടുനൽകിയതിനെതിരെ പ്രതിഷേധമുയർത്തുന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് മുസ്‍ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ മുഖപ്രസംഗം. യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ പലപ്പോഴായി രാജ്യസഭാ സീറ്റ് വിട്ടുനൽകിയ ത്യാഗമനസ്ഥിതി മറന്നുകൊണ്ടാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളെന്നും രാജ്യസഭാ സീറ്റിന്റെ പേരിൽ നേതൃത്വത്തെ ക്രൂശിക്കുന്നവർ ഭാവിയിൽ തിരുത്തേണ്ടി വരുമെന്നും ചന്ദ്രിക മുഖപ്രസംഗത്തിൽ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ധ്രുവീകരണ സാധ്യതകൾ മുന്നിൽക്കണ്ടാണ് ലീഗ്– കോൺഗ്രസ് നേതൃത്വങ്ങൾ മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമം നടത്തിയത്. ഇതു മുന്നണിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും. കൊല്ലം ലോക്സഭാ സീറ്റ് ആർഎസ്പിക്കു നൽകിയതും ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രായശ്ചിത്തമെന്നോണം എം.പി.വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റു നൽകിയതും വിമർശകർ ഓർമിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

രാജ്യസഭാ സീറ്റ് വിഷയത്തിൽ കടുത്ത പ്രതിഷേധമുയർത്തുന്ന കോൺഗ്രസ് നേതാക്കൾ, മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയ പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന സാഹചര്യത്തിലാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ലീഗ് അനാവശ്യമായി പഴികേട്ടെന്ന പൊതുവികാരമാണ് മുസ്‍ലിം ലീഗ് നേതൃത്വത്തിനുള്ളത്.