Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിഞ്ഞ മന്ത്രിസഭയിലെ 9 പേർ‍ക്കെതിരായ വിജിലൻസ് അന്വേഷണ വിവരങ്ങളുമായി മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഒൻപതു മന്ത്രിമാർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന്റെ വിവരം നിയമസഭയിൽ പങ്കുവച്ചിട്ടും കെ.എം.മാണിക്കെതിരെയുള്ള ബാർ കോഴക്കേസിനെക്കുറിച്ചു മൗനം പാലിച്ചു മുഖ്യമന്ത്രി. 65 കോടി രൂപയുടെ നികുതി റിക്കവറി ഉത്തരവു സ്‌റ്റേ ചെയ്തു ഖജനാവിനു നഷ്ടം വരുത്തിയ കേസ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസിൽ ഡയറക്ടറുടെ നിയമനത്തിൽ സ്വജന പക്ഷപാതം നടത്തിയെന്ന ആരോപണം എന്നിവയിൽ നിലവിൽ മാണിക്കെതിരെ അന്വേഷണം നടക്കുന്നതായാണു മുഖ്യമന്ത്രിയുടെ മറുപടിയിലുള്ളത്.

സ്വകാര്യ വ്യവസായിക്കു നികുതി ഇളവു നൽകിയതു വഴി 1.6 കോടി രുപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായി ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ബാർ കേസിൽ എഫ്ഐആർ നിലനിൽക്കുന്നതു മറുപടിയിൽ ഇല്ല. ബാർ കേസിൽ മാണിക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിനെതിരെ 11 പേർ ഹർജി നൽകിയിട്ടുണ്ട്. ഇവയും പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു ഹോട്ടലേഴ്‌സിനു പുതിയ ലൈസൻസ് നൽകിയതു സംബന്ധിച്ചാണു മുൻ മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണം നടക്കുന്നത്. അനധികൃത സ്വത്തു സമ്പാദിച്ചതുമായി ബന്ധപ്പെട്ടു മൂവാറ്റുപുഴ കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

സി.എൻ.ബാലകൃഷ്ണനെതിരെ മൂന്നു കേസുകളിലാണ് അന്വേഷണം. തൃശൂർ കോഓപ്പറേറ്റീവ് ബാങ്കിൽ വായ്പ അനുവദിക്കുന്നതിലെ അഴിമതി സംബന്ധിച്ചും ടെൻഡർ നടപടികൾ പാലിക്കാതെ സപ്ലൈ ഓർഡർ നൽകിയതു സംബന്ധിച്ചും കൺസ്യൂമർഫെഡിലെ വിദേശ മദ്യ വിൽപനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുമാണ് അവ. വി.എസ്.ശിവകുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനം, ബെനാമി പേരിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണം എന്നിവയിൽ വിജിലൻസ് അന്വേഷണം നടക്കുന്നു.

127.85 ഏക്കർ നെൽവയൽ ഉൾപ്പെട്ട കൃഷി സ്ഥലം അനധികൃതമായി ദാനം ചെയ്തതുമായി ബന്‌ധപ്പെട്ട് അടൂർ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമ‌െതിര‌െ അന്വേഷണം നടക്കുന്നു. കേരള സബോർഡിനേറ്റ് റൂൾ അവഗണിച്ചു ഫീൽഡ് അസിസ്റ്റന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ടും കേരള സ്‌റ്റേറ്റ് വെയർഹൗസിങ് കോർപറേഷനിൽ എംഡി നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുമാണു കെ.പി.മോഹനനെതിരെ അന്വേഷണം.

ബാലാവകാശ കമ്മിഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എം.കെ.മുനീറിനെതിരെ അന്വേഷണം നടക്കുന്നു. ബിഷപ് യേശുദാസൻ മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജിന് അനുമതി നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അബ്ദു റബ്ബിന‌െതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

related stories