Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭാ സീറ്റ് അടിയറ വച്ചെന്നു വിമർശനം; വഞ്ചിച്ചെന്നും പരാതി

MM Hassan, Ramesh Chennithala

തിരുവനന്തപുരം∙ കേരള കോൺഗ്രസിനെ യുഡിഎഫിലേക്കു തിരികെ കൊണ്ടുവന്നതിനോടു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ അംഗങ്ങൾക്കു യോജിപ്പ്. എന്നാൽ അതിനായി രാജ്യസഭാ സീറ്റ് അടിയറവച്ചതിനെ മിക്കവാറും അംഗങ്ങൾ തള്ളിപ്പറഞ്ഞു. തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ന്യായീകരിച്ചു. മതിയായ ചർച്ച നടന്നില്ലെന്ന വിമർശനം ഉൾക്കൊള്ളുന്നുവെന്നു സമ്മതിച്ചു യോഗാന്തരീക്ഷം ശാന്തമാക്കാൻ ഇരുവരും ശ്രമിച്ചു. തീരുമാനത്തിന്റെ മുഖ്യ കാർമികരിലൊരാളായ ഉമ്മൻചാണ്ടി യോഗത്തിൽ പങ്കെടുക്കാഞ്ഞതിൽ പി.ജെ.കുര്യനും പി.സി.ചാക്കോയും പ്രതിഷേധിച്ചു.

സമിതിയോഗം മുൻകൂട്ടി നിശ്ചയിച്ചതാണെന്നിരിക്കെ, എന്തുകൊണ്ട് അദ്ദേഹം ഇതേദിവസം തന്നെ ഹൈദരാബാദിനു തിരിക്കാൻ തിരഞ്ഞെടുത്തുവെന്ന് ഇരുവരും ചോദിച്ചു. ഈ പ്രതിഷേധം കടുപ്പിച്ചാണ് ‘ഉമ്മൻചാണ്ടിക്കെന്താണ് കൊമ്പുണ്ടോ’യെന്നു കുര്യൻ ചോദിച്ചത്. ഒഴിയുന്ന രാജ്യസഭാ സീറ്റിൽ താൻ തന്നെ തുടരാൻ അനുവദിക്കാമെന്നു കേന്ദ്ര നേതൃത്വം ഉറപ്പു നൽ‍കിയതാണ്. ഉമ്മൻചാണ്ടി അത് അട്ടിമറിച്ചു. എന്തിന്റെ അഹങ്കാരമാണിത്? ചെന്നിത്തല തന്നെ കണ്ടു മാപ്പുപറഞ്ഞു. ഒന്നു വിളിക്കാൻ ഉമ്മൻചാണ്ടി തയാറായോ– കത്തിക്കയറിയ കുര്യൻ, എം.എം.ഹസനെതിരെയും തിരിഞ്ഞു.

അദ്ദേഹം ദുർബലനാണെന്ന മട്ടിൽ കുര്യൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചു വിഷ്ണുനാഥ് എഴുന്നേറ്റു. ആരെയും അപമാനിക്കാമെന്നാണോ കരുതുന്നതെന്നു ചൊടിച്ചപ്പോൾ, കുര്യൻ തിരുത്തി. 40 വർഷം അധികാരസ്ഥാനത്തിരുന്ന ഒരാൾ അതു നഷ്ടപ്പെട്ടാൽ ഇങ്ങനെയാകാമോയെന്നു ബെന്നി ബഹനാ‍ൻ കുര്യനോടു ചോദിച്ചു. ഒരാൾക്കു വീണ്ടും വീണ്ടും പദവി കൊടുക്കുന്ന രീതി കോൺഗ്രസ് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനമെടുത്ത രീതിയോട് എ ഗ്രൂപ്പ് പ്രതിനിധികളും വിയോജിച്ചു. ഘടകകക്ഷികളെ ‘മധ്യസ്ഥരാക്കാൻ’ ഇതെന്താണു റിയൽ എസ്റ്റേറ്റ് ബിസിനസാണോയെന്നു ബെന്നി ചോദിച്ചു. സീറ്റ് വാഗ്ദാനം ചെയ്തു വഞ്ചിച്ചുവെന്നു വികാരപരമായി പി.സി.ചാക്കോ പരാതിപ്പെട്ടു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു. മാണിക്കു സീറ്റ് കൊടുക്കണമെന്നുണ്ടായിരുന്നെങ്കിൽ 45 വർഷത്തെ ബന്ധമുള്ള ഹസനു തന്നോടു പറഞ്ഞുകൂടായിരുന്നോ? പി.കെ.കുഞ്ഞാലിക്കുട്ടിയെ കണ്ടപ്പോൾ മാണിയുടേത് അവകാശവാദം മാത്രമാണെന്നാണു പറഞ്ഞത്.

സമിതിക്കെതിരെ ജോസഫ് വാഴയ്ക്കൻ നടത്തിയ വിമർശനത്തിനെതിരെയും ചാക്കോ തിരിഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രൂപീകരിച്ച സമിതിയാണിതെന്ന ചാക്കോയുടെ അഭിപ്രായത്തെ മറ്റുള്ളവരും പിന്തുണച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് അന്നു പ്രസിഡന്റായിരുന്ന താനും കാരണക്കാരനാണെന്ന ആരോപണം വിശദീകരിക്കുകയാണു വി.എം.സുധീരൻ ചെയ്തത്. മാണി യുപിഎയിൽ ഉറച്ചു നിൽക്കുമോ? വഞ്ചിക്കില്ലെന്ന് എന്താണ് ഉറപ്പ്–സുധീരൻ ചോദിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ അന്തസ്സും ആത്മാഭിമാനവും അടിയറവച്ചെന്നു കെ.വി.തോമസ് കുറ്റപ്പെടുത്തി. എല്ലാം മുൻകൂട്ടി തീരുമാനിച്ചിട്ടു സീറ്റ് വാഗ്ദാനം ചെയ്തു വഞ്ചിക്കുകയാണു ചെയ്തതെന്നു ഷാനിമോൾ ഉസ്മാൻ കുറ്റപ്പെടുത്തി. നേതാക്കളിൽ അർപ്പിച്ച വിശ്വാസം അവർ ലംഘിച്ചുവെന്നു കെ.സുധാകരൻ അഭിപ്രായപ്പെട്ടു.

യുവ എംഎൽഎമാർക്കെതിരെ നേതാക്കൾ

തനിക്കെതിരെ യുവ എംഎൽഎമാരെ തിരിച്ചത് ഉമ്മൻചാണ്ടിയാണെന്ന കുര്യന്റെ ആക്ഷേപം രമേശ് ചെന്നിത്തല നിഷേധിച്ചു. താനും ഉമ്മൻചാണ്ടിയും അവരെ ശാസിക്കുകയും ശകാരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയെ ആരും ഒറ്റതിരിഞ്ഞ് ആക്ഷേപിക്കേണ്ട. ചില എംഎൽഎമാർക്കു പാർട്ടിയുടെ ഒരു നിലപാടും ബാധകമല്ലെന്ന മട്ടാണ്. അവരെ എങ്ങനെ നിയന്ത്രിക്കണമെന്ന് ആലോചിക്കണം– രമേശ് പറഞ്ഞു.

സീറ്റ് കൊടുത്തതിൽ പ്രതിഷേധിച്ച കെ.മുരളീധരൻ, അതേസമയം ആർക്കും ഒരു നിയന്ത്രണവുമില്ലാതെ എന്തും പറയാമെന്ന നിലപാടെടുക്കുന്നതു ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. പാർട്ടി വിപ്പ് പോലും ബാധകമല്ലെന്ന നിലയിൽ പ്രതികരിക്കുന്ന രീതി എംഎൽഎമാർക്കു ചേർന്നതല്ലെന്ന് എം.എം.ഹസൻ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയത്തിലെ സമുന്നതരായ എ.കെ.ആന്റണിയെയും വയലാർ രവിയെയും വരെ ഇതിലേക്കു വലിച്ചിഴച്ച് അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി വേണമെന്നു വിഷ്ണുനാഥ് ആവശ്യപ്പെട്ടു.