Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിന്തൈറ്റ് സമരം: മാനേജ്മെന്റ് ചില തിരുത്തലുകൾക്കു തയാറാകണമെന്നു മുഖ്യമന്ത്രി

synthite-strike

തിരുവനന്തപുരം∙ കൊച്ചി കോലഞ്ചേരി കടയിരുപ്പിലെ സിന്തൈറ്റിൽ ആരംഭിച്ച സമരം തീർക്കാനുള്ള ഏതു നടപടിക്കും സർ‍ക്കാർ സന്നദ്ധമാണെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മാനേജ്‌മെന്റ് ചില തിരുത്തലുകൾക്കു തയാറാകണം. അവിടെ യൂണിയൻ ഉണ്ടാക്കാനോ ട്രേഡ് യൂണിയൻ പ്രവർത്തനം നടത്താനോ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഫാക്ടറി അടച്ചിട്ടിരിക്കുന്നതു സംസ്ഥാനത്തെ വ്യവസായാന്തരീക്ഷം തകർക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി വി.പി.സജീന്ദ്രൻ ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

നന്നായി പ്രവർത്തിക്കുന്ന സ്ഥാപനം പൂട്ടിയാൽ പിന്നീടൊരു സ്ഥാപനവും സംസ്ഥാനത്തേക്കു വരില്ലെന്നു സജീന്ദ്രൻ പറഞ്ഞു. ഒരു വശത്തു വ്യവസായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാൻ നിയമം വരെ പൊളിച്ചെഴുതുമ്പോൾ മറുഭാഗത്തു യൂണിയന്റെ ഗുണ്ടായിസത്തിനു പൊലീസ് സംരക്ഷണം ഒരുക്കുന്നു. അൻപതിൽ താഴെ ജീവനക്കാരാണു പ്രശ്നമുണ്ടാക്കുന്നതെന്നും സജീന്ദ്രൻ പറഞ്ഞു.

മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണു സിന്തൈറ്റ് എന്നതിൽ തർക്കമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതിയ ആളുകൾ വന്നതിന്റെ മാറ്റം അവിടെ ഉണ്ടായിട്ടുണ്ടാകാം. മുതലാളിക്ക് ഇഷ്ടമുള്ളവർ മാത്രം ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ മതിയെന്ന നിലപാട് അംഗീകരിക്കാൻ പറ്റുമോ? സിഐടിയുവിന്റെ നേതൃത്വത്തിൽ യൂണിയൻ തുടങ്ങിയതാണു മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. ഇതോടെ പലരെയും കോയമ്പത്തൂരേക്കു മാറ്റി. ഒത്തുതീർപ്പ് ചർച്ചകൾക്കു ട്രേഡ് യൂണിയൻ സന്നദ്ധമായെങ്കിലും മാനേജ്മെന്റിൽ നിന്ന് ആ മനോഭാവമല്ല. വീണ്ടും സമരം ഉണ്ടായ സാഹചര്യമിതാണ്–മുഖ്യമന്ത്രി പറഞ്ഞു.

സ്ഥാപനത്തിനു മതിയായ പൊലീസ് സംരക്ഷണം നൽകുന്നുണ്ടെന്നു മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു. ഇടതുസർക്കാരിന്റെ കാലത്ത് ഒരു പുതിയ വ്യവസായം പോലും വന്നിട്ടില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉള്ളതു കൂടി പൂട്ടിപ്പോകുന്ന അവസ്ഥയിലേക്കു സാഹചര്യം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ഥലംമാറ്റം പ്ലാന്റിന്റെ ആവശ്യം അനുസരിച്ചെന്ന്  മാനേജ്മെന്റ്

കൊച്ചി ∙ സിന്തൈറ്റിലെ ജീവനക്കാരെ സ്ഥലംമാറ്റിയതു പ്ലാന്റിന്റെ ആവശ്യപ്രകാരമാണെന്ന് മാനേജ്മെന്റ്. ജീവനക്കാരെ സ്ഥലംമാറ്റിയതു യൂണിയൻ പ്രവർത്തനം തടയാൻ വേണ്ടിയാണെന്ന ആരോപണം തെറ്റാണ്. ജോലി ചെയ്യാൻ സന്നദ്ധരായെത്തുന്ന എഴുന്നൂറോളം ജീവനക്കാരെ ഏതാനും ചില സിഐടിയു നേതാക്കൾ തടയുന്നതിനെ സമരമെന്നു വിളിക്കാനാവില്ലെന്നും മാനേജ്മെന്റ് ആരോപിച്ചു. 

നിയമപ്രകാരമുള്ള യൂണിയനുകളൊന്നും കമ്പനിയിൽ നിലവിലില്ല. എന്നാൽ, നിയമപ്രകാരമുള്ള തൊഴിലാളി സംഘടനാ രൂപീകരണത്തെ മാനേജ്മെന്റ് എതിർത്തിട്ടില്ല. സർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. ജോലിക്കെത്തുന്നവരെ തടയുന്ന തൊഴിലാളിവിരുദ്ധ പ്രവർത്തനത്തിനു സർക്കാർ ഇടപെട്ടു പരിഹാരമുണ്ടാക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു.

പൊലീസ് സംരക്ഷണ ഉത്തരവ് പാലിക്കുന്നില്ലെന്ന് ഹർജി 

കൊച്ചി ∙ കോലഞ്ചേരി സിന്തൈറ്റിലെ തൊഴിലാളികൾക്കു പൊലീസ് സംരക്ഷണം അനുവദിച്ച മുൻ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് സിന്തൈറ്റ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. എതിർകക്ഷികൾ വിശദീകരണ പത്രിക സമർപ്പിക്കണമെന്നു കോടതി നിർദേശിച്ചു. 

തടസ്സങ്ങളില്ലാതെ സംഘടനാംഗങ്ങൾക്കു പ്രവേശിക്കാനും സമാധാനാന്തരീക്ഷത്തിൽ ജോലി ചെയ്യാനും പൊലീസ് സഹായം അനുവദിച്ചുകൊണ്ടുള്ള മുൻ ഉത്തരവു നടപ്പായില്ലെന്നാണ് ആക്ഷേപം. സിഐടിയു യൂണിയൻ നേതൃത്വത്തിൽ ജൂൺ രണ്ടു മുതൽ പ്രക്ഷോഭവും അക്രമവും നടന്നിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണു പരാതി. എറണാകുളം റൂറൽ എസ്പി, പുത്തൻകുരിശ് എസ്എച്ച്ഒ എന്നിവർക്കെതിരെയാണു ഹർജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.