Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിൽ ഗ്രൂപ്പുണ്ട്; അതിപ്രസരമില്ല: ഹസൻ

hassan-sudheeran രക്ഷപ്പെടുമോ? തിരുവനന്തപുരത്ത് കെപിസിസി നേതൃയോഗത്തിൽ കെ.സി.ജോസഫ്, എം. എം. ഹസൻ, രമേശ് ചെന്നിത്തല, വി.എം.സുധീരൻ എന്നിവർ. ചിത്രം: മനോജ് ചേമഞ്ചേരി ∙മനോരമ

തിരുവനന്തപുരം∙ കോൺഗ്രസിൽ ഗ്രൂപ്പുണ്ടെന്നും എന്നാൽ, ഗ്രൂപ്പ് അതിപ്രസരമില്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണു താനെന്നു വി.എം.സുധീരൻ പറഞ്ഞതിനോടു പ്രതികരിക്കവെ, അത് അദ്ദേഹത്തിന്റെ അഭിപ്രായമായി കണ്ടാൽ മതിയെന്നും ഹസൻ പറഞ്ഞു.

കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത രീതിയെപ്പറ്റി നേതൃയോഗത്തിൽ ഉണ്ടായ വിമർശനങ്ങൾ ഗൗരവമായി ഉൾക്കൊള്ളും. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂട്ടായ തീരുമാനമുണ്ടാകുമെന്നു പ്രതിപക്ഷ നേതാവും താനും ഉറപ്പുനൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്നു രമേശ് ചെന്നിത്തലയുടേതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കാൻ കർശന നിർദേശം നൽകി.

പാർട്ടിനയങ്ങൾ‍ക്കും നേതാക്കൾക്കുമെതിരെ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വിമർശനം തുടർന്നാൽ ഏത് ഉന്നതനായാലും നടപടിയുണ്ടാകും. ബൂത്തുതലം മുതൽ പാർട്ടി ശക്തിപ്പെടുത്താൻ ആലോചനായോഗം അടുത്ത മാസം സംഘടിപ്പിക്കും. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരായുള്ള വിലയിരുത്തൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്നു നേതൃയോഗം വിലയിരുത്തിയെന്നും ഹസൻ പറഞ്ഞു.

സമൂഹമാധ്യമ ഇടപെടലിൽ പെരുമാറ്റച്ചട്ടം

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലൂടെ യുവ എംഎൽഎമാരും നേതാക്കളും നടത്തുന്ന പരസ്യപ്രസ്താവനകൾക്കും പ്രതികരണങ്ങൾക്കുമെതിരെ കെപിസിസി. സമൂഹമാധ്യമങ്ങളിൽ എങ്ങനെ ഇടപെടണമെന്ന പെരുമാറ്റച്ചട്ടത്തിനു രണ്ടാഴ്ചയ്ക്കകം രൂപംനൽകും. നിയന്ത്രണമില്ലാത്ത പ്രസ്താവനകൾ പാർട്ടിയെയും മുന്നണിയെയും ബാധിക്കുന്ന പശ്ചാത്തലത്തിലാണു നടപടിയെന്നു ഹസൻ പറഞ്ഞു. പെരുമാറ്റച്ചട്ടത്തിനു രൂപംനൽകാൻ നേതൃയോഗം ഹസനെ ചുമതലപ്പെടുത്തി.

പുതിയ തലമുറയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ കോൺഗ്രസിൽ തടസ്സമില്ലെന്നു ഹസൻ പറഞ്ഞു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും മുൻനിരയിലേക്കു കടന്നുവരാൻ തടസ്സവുമില്ല. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിട്ടു കാര്യങ്ങൾ ധരിപ്പിക്കാൻ പ്രാപ്തിയുള്ളവരാണു യുവ എംഎൽഎമാരെല്ലാം. അവർക്കു പറയാനുള്ളതു കെപിസിസി യോഗത്തിലോ പാർലമെന്ററി പാർട്ടി യോഗത്തിലോ പറയാം. സമൂഹമാധ്യമങ്ങളിൽ പാർട്ടിയെ അവഹേളിക്കുന്നതു ശരിയല്ല.