Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടൂരിൽ നിന്ന് മണിയൻ എത്തി; സുരേന്ദ്രൻ മുത്തങ്ങയിലേക്കു പോയി

konni-surendran സുരേന്ദ്രൻ എന്ന ആനയെ കോന്നി ആനത്താവളത്തിൽ നിന്നു മുത്തങ്ങയിലേക്കു കൊണ്ടുപോകുന്നു.

കോന്നി ∙ വിവാദങ്ങൾക്ക് താൽക്കാലിക വിരാമം. കുങ്കിയാനയ്ക്കുള്ള പരിശീലനത്തിനായി സുരേന്ദ്രൻ(19) എന്ന കൊമ്പനെ ഇന്നലെ രാവിലെ ഏഴരയോടെ മുത്തങ്ങയിലേക്കു കൊണ്ടുപോയി. പകരം കോട്ടൂർ ആന ക്യാംപിൽ നിന്ന് മണിയൻ(72) എന്ന ആനയെ കോന്നിയിൽ എത്തിച്ചു.

തമിഴ്നാട്ടിലെ മുതുമല ആന ക്യാംപിൽ വിദഗ്ധ പരിശീലനത്തിനായി എത്തിക്കുന്നതിനാണ് സുരേന്ദ്രനെ മുത്തങ്ങയിലേക്കു കൊണ്ടുപോയത്. അവിടെ നിന്ന് എത്തിയ സംഘം കഴിഞ്ഞ വെള്ളിയാഴ്ച സുരേന്ദ്രനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അടൂർ പ്രകാശ് എംഎൽഎയുടെയും ആനപ്രേമി സംഘത്തിന്റെയും എതിർപ്പിനെ തുടർന്ന് നടക്കാതെ പോയി. വാഹനത്തിൽ കയറ്റിയ ആനയെ അഞ്ചു മണിക്കൂറിനു ശേഷം തിരികെ ഇറക്കിയതോടെയാണ് പ്രശ്നം അവസാനിച്ചത്. എന്നാൽ, സർക്കാർ ഉത്തരവ് ഉള്ളതിനാൽ ആനയെ പരിശീലനത്തിനയച്ചേ മതിയാകൂ എന്നുള്ളതുകൊണ്ട് സുരേന്ദ്രനെ കൊണ്ടുപോകാതിരിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

രണ്ട് ആനകളെയെങ്കിലും ഇവിടെ എത്തിച്ചെങ്കിൽ മാത്രമേ സുരേന്ദ്രനെ കൊണ്ടുപോകാൻ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു എംഎൽഎ. മുഖ്യവനപാലകനും മന്ത്രി കെ.രാജുവും എംഎൽഎയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പകരം ആനയെ എത്തിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴരയോടെ കോട്ടൂരിൽ നിന്ന് മണിയൻ എന്ന കൊമ്പനെ ആനത്താവളത്തിലെത്തിച്ച ശേഷമാണ് സുരേന്ദ്രനുമായുള്ള വാഹനം ഇവിടെ നിന്നു പുറപ്പെട്ടത്.