Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീഗിനെതിരെ ആര്യാടൻ, തെന്നലയുടെ ശാപമെന്ന് ഉണ്ണിത്താൻ

congress-infight-cartoon

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു കൈമാറിയതിന്റെ പേരിൽ കെപിസിസി നേതൃയോഗത്തിലും വാക്പോര്. മുന്നണിയെ ശക്തമാക്കാനെടുത്ത സദുദ്ദേശ്യപരമായ തീരുമാനമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ആവർത്തിച്ചു. വിപുലമായ രണ്ടുദിവസത്തെ നേതൃയോഗം ചേരാൻ യോഗത്തിൽ ധാരണയായി. യോജിച്ചു പോകാനുള്ള നേതൃത്വത്തിന്റെ ആഹ്വാനം തള്ളിയില്ലെങ്കിലും സീറ്റ് കൈവിട്ടതിനെ ആരും അനുകൂലിച്ചില്ല.

നിയന്ത്രണമില്ലാതെ നീങ്ങുന്ന യുവ എംഎൽഎമാർക്കെതിരെയും പൊതുവികാരമുണ്ടായി. പി.കെ.കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി കെ.എം.മാണിയെ കൊണ്ടുവന്നതിന്റെ അപകടം തിരിച്ചറിയണമെന്ന് ആര്യാടൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. മാണിയുമായി നേരിട്ടു ചർച്ച നടത്തിയിരുന്നുവെങ്കിൽ ഇത്രയും പ്രശ്നമുണ്ടാകുമായിരുന്നില്ല. ലീഗിന്റെ അഞ്ചാംമന്ത്രി ഉണ്ടാക്കിയ പ്രത്യാഘാതം ആരും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോടും ചർച്ച ചെയ്യാതെ തീരുമാനിച്ചതിന് അർഥം എന്തോ മറച്ചുവയ്ക്കാനുണ്ട് എന്നാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

പണ്ടു രാജ്യസഭാ സീറ്റിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ചു കെ.കരുണാകരനെ നാടുനീളെ അപമാനിച്ചയാളാണ് ഉമ്മൻചാണ്ടി. ഇപ്പോൾ ഈ മൂന്നുപേർക്കെതിരെ ചെറുവിരലനക്കാൻ കഴിയാതെ പാർട്ടി ദുർബലമായി. 2001ൽ അധികാരത്തിലേക്കു പാർട്ടിയെ നയിച്ച തെന്നല ബാലകൃഷ്ണപിള്ളയെ പുറത്താക്കിയതിന്റെ കണ്ണീരാണു കോൺഗ്രസിനു ശാപം. ബാർ കേസും സരിതക്കേസുമെല്ലാം ഉയർന്നപ്പോൾ ചാനലിലിരുന്നു ന്യായീകരിച്ച തനിക്കു കിട്ടിയത് അടി. എല്ലാ ഭാരവും തലയിൽ വച്ച് മൂന്നു നേതാക്കളും പിടലി ഒടിക്കരുതെന്നും രാജ്മോഹൻ പരിഹസിച്ചു.

ചാനൽ ചർച്ചകളിൽ പാർട്ടിക്കെതിരെ പറയുന്ന ഉണ്ണിത്താനെതിരെ നടപടിയെടുക്കാൻ കഴിയുമായിരുന്നുവെന്നു ഹസൻ ചൂണ്ടിക്കാട്ടിയപ്പോൾ ഹസനല്ല തന്നെ വക്താവാക്കിയതെന്ന് ഉണ്ണിത്താൻ തിരിച്ചടിച്ചു. പാർട്ടിയെ എങ്ങനെ നന്നാക്കാമെന്നു കൂട്ടായ ആലോചന വേണമെന്നു കെ.മുരളീധരൻ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ സീറ്റെടുത്തു കൊടുത്തിട്ടല്ല കോൺഗ്രസിനെയും മുന്നണിയെയും ശക്തിപ്പെടുത്തേണ്ടതെന്നു കെ.സുധാകരൻ പറഞ്ഞു. ചെങ്ങന്നൂരിലെ സംഘടനാ ദൗർബല്യം തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവരിച്ചു.  

V.M. Sudheeran

ഗ്രൂപ്പ് മാനേജർമാർ വളഞ്ഞിട്ട് ആക്രമിച്ചു: സുധീരൻ 

നേതൃയോഗത്തിൽ വി.എം.സുധീരൻ സംസാരിച്ചു തുടങ്ങിയപ്പോൾ ബഹളം വച്ച് എ ഗ്രൂപ്പിലെ ജയ്സൺ ജോസഫും നാട്ടകം സുരേഷും. സുധീരൻ അനുകൂലികളായ ടി.എൻ.പ്രതാപൻ, ജോൺസൺ ഏബ്രഹാം, മണക്കാട് സുരേഷ് എന്നിവരും രംഗത്തെത്തിയതോടെ ഏറ്റുമുട്ടലിന്റെ അന്തരീക്ഷമായി. ആരും വിരട്ടേണ്ടെന്നു സുധീരൻ പറഞ്ഞു. പറയാനുള്ളതു പറഞ്ഞിട്ടേ പോകൂ. ഗ്രൂപ്പ് മാനേജർമാരാണ് എല്ലാം കുഴപ്പത്തിലാക്കുന്നത്. താൻ കെപിസിസി പ്രസിഡന്റായിരിക്കെ ബൂത്തുകളുണ്ടാക്കി പാർട്ടിയെ ചലിപ്പിച്ചു തുടങ്ങിയതോടെ മാനേജർമാർ അസ്വസ്ഥരായി. അവർ വളഞ്ഞിട്ട് ആക്രമിച്ചു.

തിരഞ്ഞെടുപ്പിനുശേഷം നെയ്യാർഡാം ക്യാംപിൽ വച്ചുതന്നെ രാജിക്ക് ഒരുങ്ങിയതാണ്. അപ്പോൾ താൻ രാജിവയ്ക്കണമെന്നു ഹസനടക്കം ആവശ്യപ്പെട്ടു. എന്നാൽ പിന്നെ നോക്കാമെന്നു തീരുമാനിച്ചു. ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഒഴിഞ്ഞത്. അനാരോഗ്യം ഒരു കാരണം മാത്രമായിരുന്നു. 418 ബാർ അടയ്ക്കാൻ താൻ പറഞ്ഞപ്പോൾ മുഴുവനും അടച്ചുപൂട്ടാൻ ഉമ്മൻചാണ്ടിയോട് ആരെങ്കിലും പറഞ്ഞോ– സുധീരൻ ചോദിച്ചു. കെപിസിസിയുടെ ഉന്നത സ്ഥാനത്തിരിക്കെ പരസ്യപ്രസ്താവനകൾ വിലക്കാൻ നിന്നവർ സ്ഥാനം പോയശേഷം അതുതന്നെ ചെയ്യുന്നതു ശരിയാണോയെന്നു കെ.സി.ജോസഫ് ചോദിച്ചു. യുവ എംഎൽഎമാരെ വിമർശിച്ച പി.ജെ.കുര്യൻ അവരെപ്പോലെ തന്നെ പെരുമാറുന്നതിനെയും ജോസഫ് പരിഹസിച്ചു.