Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മൻ ചാണ്ടിക്കു കൊമ്പുണ്ടോ: കുര്യൻ; ജനകീയതയുടെ കൊമ്പുണ്ട്: വിഷ്ണുനാഥ്

PJ Kurien

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അസാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ രാജ്യസഭാ സീറ്റ് വിഷയത്തിൽ അദ്ദേഹത്തിനെതിരെ മുതിർന്ന നേതാവ് പി.ജെ.കുര്യൻ ‘ഉറഞ്ഞു തുള്ളി’. 

ഉമ്മൻചാണ്ടിക്കെന്താണു കൊമ്പുണ്ടോയെന്നു കുര്യൻ ചോദിച്ചു. ഇതോടെ എ ഗ്രൂപ്പ് ക്ഷുഭിതരായി. ഉമ്മൻചാണ്ടിക്കു ജനകീയതയുടെ കൊമ്പുണ്ടെന്നും പി.ജെ.കുര്യന് അതില്ലെന്നു മനസ്സിലാക്കണമെന്നും പി.സി.വിഷ്ണുനാഥ് തിരിച്ചടിച്ചു. ആർക്കും വഴിയിൽ കൊട്ടാവുന്ന ചെണ്ടയല്ല ഉമ്മൻചാണ്ടിയെന്നു ബെന്നി ബഹനാൻ പ്രതിരോധം തീർത്തു. ഉമ്മൻചാണ്ടിയെ ഒറ്റപ്പെടുത്തി നീങ്ങാനാണു ഭാവമെങ്കിൽ അതിന്റെ പ്രത്യാഘാതം കോൺഗ്രസിലുണ്ടാകുമെന്ന് എ ഗ്രൂപ്പിന്റെ ഈ വക്താക്കൾ വ്യക്തമാക്കി. 

കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽകിയ വിഷയത്തിൽ തനിക്കും ഉമ്മൻചാണ്ടിക്കും എം.എം.ഹസനും തുല്യ ഉത്തരവാദിത്തമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു. കോൺഗ്രസിലെ ആരെയും വെട്ടാനല്ല ഇതു ചെയ്തത്. ഇ.കെ.നായനാരുടെയും വി.എസ്.അച്യുതാനന്ദന്റെയും കാലത്തെ സിപിഎം അല്ല പിണറായി വിജയന്റെ കാലത്തേതെന്നു മനസ്സിലാക്കണം. യുഡിഎഫിൽനിന്നു പിരിഞ്ഞുപോയ ആരെ കിട്ടിയാലും ഒപ്പം കൂട്ടുന്ന പാർട്ടിയായി അതു മാറി. അപ്പോൾ ആറ് എംഎൽഎമാരുളള കേരള കോൺഗ്രസിനെ തിരികെ കൊണ്ടുവരേണ്ടതു രാഷ്ട്രീയ അനിവാര്യതയായിരുന്നു. മതിയായ ചർച്ച കൂടാതെയാണ് അതു ചെയ്തതെന്ന വിമർശനം ഉൾക്കൊള്ളുന്നു. നയകാര്യങ്ങളെല്ലാം ഇനി രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചചെയ്യുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ഉറപ്പു നൽകി. 

സീറ്റ് വിട്ടുകൊടുത്ത തീരുമാനത്തെ ഇവരൊഴികെ ആരും ന്യായീകരിച്ചില്ല. പരസ്യ പ്രസ്താവനകളിലൂടെ അന്തരീക്ഷം വഷളാക്കരുതെന്ന പൊതുവികാരമുണ്ടായി. ഇന്നു കെപിസിസി നേതൃയോഗവും ഇക്കാര്യം ചർച്ചചെയ്യും. 

related stories