Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ഇനി ‘കൃത്യസമയത്ത്’ വൈകിയോടും!

train

കൊച്ചി∙ ട്രെയിനുകളുടെ കൃത്യനിഷ്ഠ ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ എളുപ്പവിദ്യ. വൈകിയെത്തുന്ന ട്രെയിനുകളുടെ െവെകിയ സമയം അവയുടെ ഒൗദ്യോഗിക സമയമാക്കിയാണു ദക്ഷിണ റെയിൽവേ ഇന്നലെ മുതൽ ‘കൃത്യനിഷ്ഠ’ ഉറപ്പാക്കിയത്. സമയം പാലിക്കുന്നതിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും പിന്നിലായ തിരുവനന്തപുരം, പാലക്കാട്, െചന്നൈ ഡിവിഷനുകളിലെ 87 സർവീസുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്ന സമയത്തിലാണു മാറ്റം വരുത്തിയത്. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ സമയമാറ്റമില്ല.

തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് ഷൊർണൂരിലെത്തേണ്ട സമയം ഉച്ചയ്ക്കു 12.55 ആയിരുന്നതു 1.25 ആക്കി. ഐല‍ൻഡ് എക്സ്പ്രസിന്റെ ബെംഗളൂരു സമയം 7.20 എന്നത് 7.30 ആക്കി. രാത്രി 11.50ന് കണ്ണൂരി‍‍ൽ എത്തിയിരുന്ന ജനശതാബ്ദി രാത്രി 12.20ന് എത്തിയാൽ മതി. അവസാന രണ്ടു സ്റ്റേഷനുകൾക്കിടയിലാണു ട്രെയിനുകൾക്ക് അധിക സമയം നൽകുക. നിലവിലുള്ള ബഫർ ടൈമിനു (അധിക സമയം) പുറമേയാണിത്.

കഴിഞ്ഞവർഷം നിലവിൽവന്ന ടൈംടേബിളിൽ അറ്റകുറ്റപ്പണിക്കു സമയം നൽകാനെന്ന പേരിൽ കേരളത്തിലോടുന്ന ട്രെയിനുകളുടെ റണ്ണിങ് ടൈം കൂട്ടിയിരുന്നു. അതിനു പുറമേയാണു വീണ്ടും അധികസമയം നൽകുന്നത്. 

17 കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ ആറു മിനിറ്റ്

യാത്ര തുടങ്ങുന്ന സ്റ്റേഷനിലും അവസാനിക്കുന്ന സ്റ്റേഷനിലും ട്രെയിൻ സമയം പാലിച്ചോ എന്നുമാത്രം നോക്കിയാണു കൃത്യനിഷ്ഠ കണക്കാക്കുന്നത്. ബാക്കി ഏതു സ്റ്റേഷനിലും ട്രെയിൻ വൈകിയാൽ കുഴപ്പമില്ല. അവസാന സ്റ്റേഷനിൽ സമയം പാലിക്കാനായി അവസാന സ്റ്റേഷനും തൊട്ടുമുൻപുള്ള സ്റ്റേഷനുമിടയിൽ ബഫർ ടൈം നൽകിയിട്ടുണ്ട്.

വടക്കാഞ്ചേരിക്കും ഷൊർണൂരിനുമിടയിൽ 17 കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ ആറു മിനിറ്റാണ് വേണാടിന് ഇന്നലെ മുതൽ ബഫർ ൈടമുള്ളത്. ഒരു മണിക്കൂർ വൈകിയാലും പ്രശ്നമില്ലെന്നു ചുരുക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.