Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ഉപദ്രവിച്ച കേസ്: അറിവോ പങ്കോ ഇല്ല; സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

dileep-actress-attack

കൊച്ചി∙ നടിയെ ഉപദ്രവിച്ചെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. സംഭവത്തിൽ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തെറ്റായി പ്രതി ചേർത്തെന്ന് ആരോപിച്ചാണു ഹർജി. സത്യം കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്തതും വിവാദത്തിൽ പെടാത്തതുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്നു ഹർജിയിൽ പറയുന്നു.

ഏഴു പേരെ പ്രതിചേർത്ത് ആദ്യ റിപ്പോർട്ട് നൽകി ഏഴു മാസത്തിനുശേഷം തന്നെ എട്ടാംപ്രതിയാക്കി അനുബന്ധ കുറ്റപത്രം നൽകി. കുറ്റകൃത്യത്തിനുള്ള കാരണം ആദ്യ റിപ്പോർട്ടിൽനിന്നു വ്യത്യസ്തമായാണു രണ്ടാം റിപ്പോർട്ടിൽ പറയുന്നത്. ഗൂഢാലോചനക്കുറ്റമാണ് ആരോപിക്കുന്നത്. പ്രത്യേക സംഘത്തിന്റെ സത്യവിരുദ്ധവും ദുരുദ്ദേശ്യപരവുമായ അന്വേഷണത്തിന്റെ ഫലമായി തന്നെ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു.

ക്രിമിനൽ നീതിനിർവഹണം അട്ടിമറിക്കുന്ന അന്യായമായ നടപടിയാണത്. അന്വേഷണം പക്ഷപാതപരമാകുമ്പോൾ ന്യായവിചാരണയുണ്ടാവില്ല. സ്വതന്ത്രവും നീതിയുക്തവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ, വേണ്ടിവന്നാൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയും സത്യം കണ്ടെത്താനാണ് അന്വേഷണ ഏജൻസി ശ്രമിക്കേണ്ടത്.

ഈ കേസിൽ മറിച്ചാണു സംഭവിച്ചത്. ഡിജിപി ഉൾപ്പെടെ പൊലീസ് ഉന്നതർ ദുരുദ്ദേശ്യപരവും പക്ഷപാതപരവുമായാണ് അന്വേഷണം നടത്തിയതെന്നും ഹർജിയിൽ ആരോപിച്ചു. പുതിയ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സിബിഐയോടു നിർദേശിക്കണമെന്നും അന്തിമ റിപ്പോർട്ട് സഹിതം കേസ് രേഖകൾ കൈമാറാൻ ഡിജിപിക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണു ഹർജി.

related stories