Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ നിയന്ത്രണം: ‘സ്വന്തം ആരോഗ്യം പോലും മറന്നുള്ള നിസ്വാർഥ സേവന’ത്തിന് ഹൈക്കോടതിയുടെ പ്രശംസ

nipah-hospital.jpg

കൊച്ചി∙ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമാക്കിയതിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കു ഹൈക്കോടതിയുടെ പ്രശംസ. കേന്ദ്രസർക്കാർ ചെയ്ത സഹായങ്ങളെയും കോടതി പ്രകീർത്തിച്ചു. കേരളം നിപ്പ ബാധയെ നേരിട്ടത് അങ്ങേയറ്റം മികച്ച രീതിയിലാണെന്നു വാക്കാൽ പരാമർശിക്കുകയും ചെയ്തു.

‘‘വൈറസ് ബാധ നിയന്ത്രണവിധേയമായതിൽ സന്തോഷമുണ്ട്. പുതിയ നിപ്പ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആരോഗ്യരംഗത്തെ ഡോക്ടർമാരും നഴ്സുമാരും മെഡിക്കൽ സ്റ്റാഫും വൈറസ് ബാധയോടു പെട്ടെന്നു തന്നെ പ്രതികരിച്ചു. വൈറസിനെ ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. കേന്ദ്രസർക്കാറിന്റെ ഇടപെടലും എടുത്തു പറയേണ്ടതാണ്’’– കോടതി വ്യക്തമാക്കി.

നിപ്പ വൈറസ് ബാധയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് നിയമവിദ്യാർഥികളായ അർജുനും മറ്റും നൽകിയ ഹർജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സ്വന്തം ആരോഗ്യം പോലും മറന്നുള്ള നിസ്വാർഥ സേവനമാണ് ആരോഗ്യ പ്രവർത്തകർ നടത്തിയതെന്നു കോടതി വാക്കാൽ പരാമർശിച്ചു. മറ്റെവിടെ ആയിരുന്നാലും, കേരളത്തിന്റെ പ്രവർത്തനങ്ങളോട് ഇതര സംസ്ഥാനങ്ങൾക്കു കിടപിടിക്കാനാവില്ലെന്നും പറ‍ഞ്ഞു.

നിപ്പയെക്കുറിച്ചുള്ള വ്യാജ വിവരങ്ങൾ തടുക്കാൻ എല്ലാ നടപടിയും സ്വീകരിച്ചതായി ഐടി വകുപ്പ് അണ്ടർ സെക്രട്ടറി ആർ. ശ്യാംനാഥ് അറിയിച്ചു. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ കേസ് നടപടിയാരംഭിച്ചു. തൃത്താല, പേരാമ്പ്ര സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ടെന്നും അറിയിച്ചു. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഹർജി കോടതി തീർപ്പാക്കി.