Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമഴ, ഉരുൾപൊട്ടൽ: രണ്ടു മരണം, മൂന്നുപേരെ കാണാതായി

Rain Havoc Pathanamthitta

കണ്ണൂർ ജില്ലയിലെ അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു മനോരമ ലേഖകർ സംസ്ഥാനത്തു തുടരുന്ന കനത്ത മഴയിൽ വെള്ളത്തിൽ വീണ് തിരുവല്ലയിലും കണ്ണൂരിലും ഒരാൾവീതം മരിച്ചു. മലബാറിൽ മൂന്നുപേരെ കാണാതായി. കേരള – കർണാടക വനാതിർത്തിയിലെ ഉരുൾപൊട്ടലിലാണു കണ്ണൂർ ജില്ലയിൽ മരണമുണ്ടായത്. ഇരിട്ടി കുന്നോത്ത് സ്വദേശി ശരത് (25) ആണ് ഒഴുക്കിൽപെട്ടു മരിച്ചത്.

തിരുവല്ലയിലെ പാടശേഖരത്തിലെ വെള്ളത്തിൽ വലയിട്ടശേഷം മീൻ നോക്കാൻ പോയ യുവാവ് മരിച്ചു. നിരണം വടക്കുംഭാഗം കൊല്ലംതാഴ്ചയിൽ ഷാജഹാന്റെയും സഹീറത്തിന്റെയും മകൻ മുഹമ്മദ് ഷെരീഫ് (23) മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണാണു മരിച്ചത്.

കാണാതായവർ: പൊന്നാനിയിൽ മീൻപിടിത്തത്തിനിടെ ഫൈബർ വള്ളം മറിഞ്ഞ് താനൂർ അഞ്ചുടി സ്വദേശി കുട്ടിയമ്മുവിന്റെപുരയ്ക്കൽ ഹംസ (60), നിലമ്പൂർ വടപുറത്ത് കുതിരപ്പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ പട്ടരാക്ക പി.എം.ഫാറൂഖലിയുടെ മകൻ അബ്ദു റഹിമാൻ (23), നിലമ്പൂർ ഏനാന്തിയിൽ കരിമ്പുഴയുടെ തെയ്യത്തുംപാറ കടവിൽ ഒഴുക്കിൽപെട്ടു കാണാതായ കരുവാംകുഴി വാകകുണ്ടൻ നിസാമുദ്ദീൻ (ബാപ്പു–42).

വെള്ളം കയറി കണ്ണൂർ ജില്ലയിലെ അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഉരുൾപൊട്ടൽ ഭീഷണിമൂലം ബാരാപോൾ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം നിർത്തിവച്ചു. മാക്കൂട്ടം ചുരം റോഡിൽ മരം വീണു. ഗതാഗതം പുനഃസ്ഥാപിക്കാൻ കണ്ണൂർ ടെറിറ്റോറിയൽ ആർമി രംഗത്തിറങ്ങി. കർണാടകയിലെ മാക്കൂട്ടം വനമേഖലയിൽ 12 സ്ഥലത്ത് ഒരേസമയം ഉരുൾപൊട്ടിയതോടെ പായം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ 33 വീടുകളിൽ വെള്ളം കയറി. ഉരുൾപൊട്ടലിൽ ചെറുപുഴ പഞ്ചായത്തിൽ കോഴിച്ചാൽ ഇടക്കോളനി വെള്ളത്തിനടിയിലായി. അഞ്ചു കുടുംബങ്ങൾ ഒറ്റപ്പെട്ടു.

കോതമംഗലം - ഭൂതത്താൻകെട്ട് റോഡിലെ കലുങ്ക് ഇടിഞ്ഞു താഴ്ന്നു. കലുങ്കിനിടയിലകപ്പെട്ട ബൈക്ക് യാത്രികരായ സഹോദരങ്ങൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. വടാട്ടുപാറ ഗ്രാമപഞ്ചായത്തിലെ മൂവായിരത്തോളം കുടുംബങ്ങളും പെരിയാർവാലി, ഇടമലയാർ പദ്ധതി പ്രദേശങ്ങളും പൂർണമായും ഒറ്റപ്പെട്ടു. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയത്ത് മിനാർ ഗ്രൂപ്പിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിലേക്കു ചൊവ്വാഴ്ച മണ്ണിടിഞ്ഞുവീണു.

പാലക്കാട് കല്ലടിക്കേ‍ാട് പാലക്കയം, വട്ടപ്പാറ, പായപ്പുൽ പ്രദേശങ്ങളിൽ അഞ്ചു വീടുകൾ തകർന്നു. ചില സ്ഥലങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. മണ്ണാർക്കാട്ട് അഞ്ചു വീടുകൾ തകർന്നു. അട്ടപ്പാടി ചുരം റേ‍ാഡിൽ മണ്ണിടിഞ്ഞതിനെ തുടർന്നു ഗതാഗതം തടസ്സപ്പെടുന്നുണ്ട്.

ആശങ്കയുടെ ഉരുൾപൊട്ടൽ

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.