Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് സൈബർ കൂട്ടായ്മകളിൽ ‌ ആർഎസ്എസ് നുഴഞ്ഞു കയറ്റമെന്ന് പരാതി

Indian National Congress

കൊച്ചി ∙ സമൂഹമാധ്യമ രംഗത്തു കോൺഗ്രസ് പ്രവർത്തകർ രൂപം നൽകിയ ‘കെപിസിസി’എന്ന പേരിലുള്ള പാർട്ടി കൂട്ടായ്മയിൽ ആർഎസ്എസ് പ്രവർത്തകർ നുഴഞ്ഞു കയറി കോൺഗ്രസിന്റെ ഉന്നത നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുന്നതായി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി. കോൺഗ്രസുകാരെന്നു തെറ്റിധരിപ്പിക്കുന്ന ‘പ്രൊഫൈൽ’ ഉപയോഗിച്ചു സൈബർ കൂട്ടായ്മയിൽ നുഴഞ്ഞു കയറിയ ശേഷമാണു യഥാർഥ കോൺഗ്രസ് പ്രവർത്തകരെ നിഷ്പ്രഭരാക്കുന്ന തരത്തിൽ ഗ്രൂപ്പിനെ കയ്യടക്കുന്നതെന്നാണു പരാതി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനകം 10,000 പേർ ഇത്തരത്തിൽ കെപിസിസി സൈബർ കൂട്ടായ്മയിൽ നുഴഞ്ഞു കയറിയെന്നാണു യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ഷെബിൻ ജോർജ് നൽകിയ പരാതിയിൽ പറയുന്നത്. ജവാഹർലാൽ നെഹ്റു, സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കൂട്ടായ്മയിൽ പ്രചരിപ്പിച്ച പോസ്റ്റുകളുടെ കോപ്പിയും പരാതിക്കൊപ്പം സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറി. ഞാൻ ‘എ’ ഗ്രൂപ്പാണ് നിങ്ങളോ? തുടങ്ങിയ ചോദ്യങ്ങളും ചർച്ചകളും കൂട്ടായ്മയിൽ അവതരിപ്പിച്ചു തർക്കങ്ങൾക്കു വഴിയൊരുക്കിയതായും പരാതിയിൽ പറയുന്നു. മറ്റു പാർട്ടികളുടെ സൈബർ കൂട്ടായ്മകളിൽ ഇത്തരത്തിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സംഘടിത നീക്കം നടക്കുന്നതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.