Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ നിയമസഭ: കേന്ദ്രപദ്ധതി കേരളത്തിനു പറ്റില്ലെന്ന് സ്പീക്കർ

P. Sreeramakrishnan

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ഒരുക്കുന്ന ഏകീകൃത സോഫ്റ്റ്‌വെയർ ‘ഇ-വിധാൻ സഭ’, കേരള നിയമസഭയിൽ പ്രായോഗികമല്ലെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കേരളം തയാറാക്കിയ പദ്ധതിരേഖ പ്രകാരമുള്ള ഇ-നിയമസഭാ പദ്ധതി നടപ്പാക്കാൻ അംഗീകാരം നൽകണമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാറിനോട് സ്പീക്കർ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ നിയമസഭകളിലെയും നടപടിക്രമങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കാനാണു കേന്ദ്രസർക്കാർ ഇ-വിധാൻസഭ ആവിഷ്‌കരിച്ചത്. എന്നാൽ, കേരളത്തിന്റെ നടപടിക്രമങ്ങൾക്കു മറ്റു നിയമസഭകളിലേതിൽനിന്നു വ്യത്യാസമുണ്ട്.

കേരള നിയമസഭയിൽ 36 സബ്ജക്ട് കമ്മിറ്റികളുണ്ട്. നിയമസഭ ചേരുന്ന ദിനങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഇതു മുൻനിർത്തി കേരളം തയാറാക്കിയ പദ്ധതി പ്രകാരമുള്ള ഇ-നിയമസഭാ പദ്ധതി നടപ്പാക്കുന്നതിന് അംഗീകാരം നൽകണമെന്നാണു സ്പീക്കറുടെ ആവശ്യം. 17നു ചേരുന്ന ഐടി സെക്രട്ടറിമാരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ പദ്ധതിരേഖ കഴിഞ്ഞ മാർച്ചിൽ സ്പീക്കർ കേന്ദ്രസർക്കാറിനു സമർപ്പിച്ചിരുന്നു. ഉടൻ ധനകാര്യ അനുമതി നൽകുമെന്നു മന്ത്രി ഉറപ്പുനൽകിയതാണ്. കടലാസ് ആവശ്യമില്ലാത്തവിധം നിയമസഭയുടെ പ്രവർത്തനങ്ങളെ ഡിജിറ്റൽ രൂപത്തിലാക്കി ഏകീകരിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി പ്രതിവർഷം 25 മുതൽ 40 കോടി രൂപ വരെ ലാഭിക്കാനാകുമെന്നാണു പ്രതീക്ഷ.

related stories