Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്ഗാൻ സ്വദേശി പിടിയിലായ സംഭവം; അന്വേഷണം ഡൽഹിയിലേക്ക്

നെടുമ്പാശേരി ∙ 11 കോടിയോളം രൂപയുടെ വിദേശ കറൻസിയുമായി അഫ്ഗാൻ സ്വദേശി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഡൽഹിയിലേക്കും. ഇയാളുടെ ഡൽഹി വിമാനത്താവളത്തിലെ നീക്കങ്ങളാണു പ്രധാനമായും അന്വേഷിക്കുന്നത്. ഇന്നലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വസ്ത്ര വ്യാപാരിയെന്ന പേരിൽ ഇയാൾ സ്ഥിരം ഡൽഹിയിലും ഗൾഫിലേക്കും യാത്ര ചെയ്യുന്നയാളാണെന്നു വ്യക്തമായി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മാത്രം ഇയാൾ 11 തവണ ഡൽഹിയിലെത്തിയിട്ടുണ്ട്. ലഭ്യമായ സൂചനകൾ അനുസരിച്ച് ഇയാൾ നിരവധി പ്രാവശ്യം ഇത്തരത്തിൽ വൻതോതിൽ വിദേശ കറൻസികൾ കടത്തിയിട്ടുണ്ടാകാമെന്നാണു നിഗമനം.

ഡൽഹി വിമാനത്താവളത്തിൽ കറൻസി പിടിക്കപ്പെടാതെ ഇയാളെ സംരക്ഷിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥർ കണ്ടേക്കാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഏതെങ്കിലും ആഭ്യന്തര സെക്ടർ കഴിഞ്ഞ് തുടർ രാജ്യാന്തര യാത്രയുള്ള വിമാനങ്ങളാകും ഇയാൾ യാത്രകൾക്കു തിരഞ്ഞെടുക്കുന്നതെന്നാണു നിഗമനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇയാൾ പിടിക്കപ്പെട്ടതു വളരെ ആകസ്മികമായാണ്. വിമാനം ഇവിടെ സാങ്കേതിക തകരാർ മൂലം കുടുങ്ങിയില്ലെങ്കിൽ ഇയാളുടെ ബാഗേജ് വിമാനത്തിൽ നിന്നിറക്കുകയോ വീണ്ടും പരിശോധന നടത്തുകയോ ചെയ്യുമായിരുന്നില്ല.

ഡൽഹി വിമാനത്താവളത്തിൽ ഇയാളുടെ നീക്കങ്ങൾ പരിശോധിക്കുന്നതിന് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംഘത്തെ അങ്ങോട്ടേക്ക് അയക്കുന്നുണ്ട്. അവിടുത്തെ കഴിഞ്ഞ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇയാൾ ആരൊക്കെയായുമായാണു ബന്ധപ്പെട്ടതെന്നു പരിശോധിക്കുകയുമാണു ലക്ഷ്യം. എൻഐഎ ഉദ്യോഗസ്ഥർ ഇയാളെ കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തു. ഇതിൽ നിന്നും ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇയാൾക്കു തീവ്രവാദബന്ധമുണ്ടെന്നു വ്യക്തമായാൽ കേസിന്റെ തുടരന്വേഷണം എൻഐഎ ഏറ്റെടുക്കും.