Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേലക്കുപ്പായക്കാരിയുടെ പെരുന്നാളോർമ്മകൾ

BM-Suhara ബി.എം.സുഹറ

നിപ്പ വൈറസിന്റെ ഭീതിയിലായിരുന്നു ഇക്കൊല്ലത്തെ റമസാന്റെ തുടക്കം. നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെക്കുറിച്ചും അവരുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും  ഭീതിയെക്കുറിച്ചുമോർത്ത് ഉറക്കം നഷ്‌ടപ്പെട്ട രാവുകൾ. മരിച്ച കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്ത പലർക്കും മെഡിക്കൽ കോളേജിൽ നിന്നാണല്ലോ വൈറസ് ബാധയേറ്റതെന്ന കാര്യവും അവരെല്ലാം അവിടെ ചികിത്സതേടിയെത്തിയ പാവപ്പെട്ട സാധാരണക്കാരാണല്ലോ എന്ന ചിന്തയും ദുഃഖത്തിന്റെ ആക്കംകൂട്ടി. എന്റെ നാടിനെ ഈ ദുരന്തത്തിൽനിന്നു രക്ഷിക്കണേ എന്ന പ്രാർഥനയായിരുന്നു പിന്നീടുള്ള രാവുകളിൽ. നമ്മുടെ ആരോഗ്യമന്ത്രിയും ആരോഗ്യമന്ത്രാലയവും മെഡിക്കൽ കോളജിലെ ഡോക്‌ടർമാരും നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും ഒത്തൊരുമിച്ചു പ്രവർത്തിച്ച് നിപ്പയെ വരുതയിലാക്കിയപ്പോഴുണ്ടായ ആശ്വാസവും അഭിമാനവും വളരെ വലുതായിരുന്നു. 

തിക്കോടിയിലെ ആഘോഷക്കാലം

നോമ്പുകാലത്തെ വരവേൽക്കുമ്പോഴും പെരുന്നാളാഘോഷത്തിനൊരുങ്ങുമ്പോഴും എന്റെ മനസ്സ് എപ്പോഴും തിക്കോടിയിലെ എന്റെ കുടുംബവീടായ മാളിയക്കൽത്തറവാട്ടിലെത്തും. തിക്കോടി എന്റെ ജന്മനാടാണ്. പന്ത്രണ്ട ുവയസ്സുവരെ മാത്രമാണ് തിക്കോടിയിലെ തറവാട്ടുവീട്ടിൽ ഞാൻ കഴിഞ്ഞത്. നാലുകെട്ടും മച്ചും പടിപ്പുരകളും കണ്ണാടി ജനാലകളോടുകൂടിയ വിശാലമായ പൂമുഖവുമുള്ള വീട് ഇന്നില്ല. എന്നാൽ ഇന്നും എന്റെ സ്വപ്‌നങ്ങളുടെ പശ്ചാത്തലം ആ വീടാണ്. വീടില്ലാതായിട്ട് നാളുകളേറെയായയെങ്കിലും ആ വീടിന്റെ ഓരോ മുക്കും മൂലയും ഇന്നും എനിക്കു മനഃപാഠമാണ്. നിറയെ ആളുകളുണ്ടായിരുന്ന ആ വീട് പോയകാലത്തിന്റെ സ്‌മൃതിയായി, മിത്തായി എന്നെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. എന്റെ പല രചനകളിലും ഞാൻ അറിഞ്ഞും അറിയാതെയും ആ വീടുണ്ട്. നോമ്പും പെരുന്നാളും ഞങ്ങൾക്ക് അക്കാലത്ത് ആഘോഷം തന്നെയായിരുന്നു. നിറയെ ആളുകളും ഒച്ചയും അനക്കവുമുള്ള വീടിന്റെ പശ്ചാത്തലമില്ലാതെ എനിക്ക് പെരുന്നാളാഘോഷമില്ല.

കോഴിക്കോട്ടുനിന്നുള്ള കാളവണ്ടി

റമസാനെ ആരാവാരത്തോടെ വരവേൽക്കുകയായിരുന്നു അക്കാലത്തെ രീതി. റമസാൻ പ്രമാണിച്ച് വെള്ളവലിച്ചും പെയിന്റടിച്ചും  റങ്കുകൂട്ടുന്ന വീടിന്റെ അകവും പുറവും വൃത്തിയാക്കുന്നതും ഒരാഘോഷമാണ്. സ്‌ത്രീകളും കുട്ടികളും ജോലിക്കാരും ആവേശത്തോടെ പങ്കുചേരുന്ന ആഘോഷം. നോമ്പുതുറസാമാനങ്ങളുമായി കോഴിക്കോട്ടുനിന്നെത്താറുള്ള കാളവണ്ടിയെക്കുറിച്ചായിരിക്കും പിന്നീട് കുട്ടികളുടെ സംസാരം. പതിവുള്ള അരി, പലവ്യഞ്ജനം, പഞ്ചസാര, നെയ്യ്, മസാലസാമാനങ്ങൾ തുടങ്ങിയവയ്‌ക്കു പുറമേയുള്ള നോമ്പുകാല സാമാനങ്ങളായ അണ്ടിപ്പരിപ്പ്, ബദാം, അക്രോട്ട് (വാൾനട്ട്) അത്തിപ്പഴം, ഈന്തപ്പഴം, കാരയ്‌ക്ക തുടങ്ങിയവയിലായിരിക്കും കുട്ടികളുടെ കണ്ണ്. ഉമ്മയും ഉമ്മാമയും അത് കുപ്പികളിലും ഭരണികളിലും നിറയ്‌ക്കുന്നതിനിടയിൽ ഞങ്ങൾ അവരെ ചുറ്റിപ്പറ്റിനിന്ന് കണ്ടും കാണാതെയും കുറേശ്ശെ കൈക്കലാക്കുന്നു. കാണാതെ കൈക്കലാക്കുന്നതിനെ ഇസ്കുക എന്നാണ് ഞങ്ങൾ പറയാറുണ്ടായിരുന്നത്. ഒരാൾ ഉമ്മയുടെ കണ്ണുവെട്ടിച്ച് അണ്ടിപ്പരിപ്പ് ഇസ്‌ക്കുമ്പോൾ മറ്റൊരാൾ അത്തിപ്പഴം കൈക്കലാക്കുന്നു. പിന്നീടത് പങ്കുവയ്‌ക്കുമ്പോഴുള്ള കൊച്ചുകൊച്ചു കലഹങ്ങൾ. ആകെ ബഹളമയം...

സുപ്രയിലെ നോമ്പുതുറ

റമസാനെക്കുറിച്ചോർക്കുമ്പോൾ നോമ്പുതുറ സമയത്ത് ഉമ്മറത്തെ തിണ്ണയിൽ പായവിരിച്ച് നടുവിലുള്ള സുപ്രയിൽ നിരത്തുന്ന എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങളാണ് അന്നും ഇന്നും ആദ്യം മനസ്സിലെത്തുക. ഇന്നത്തെപ്പോലെ മേശയും കസേരകളുമൊന്നുമില്ല. ഉമ്മറത്തും അകത്തളത്തിലും സ്റ്റേജുപോലെ കെട്ടിയ തിണ്ണകളുണ്ട്. അതിൽ പുൽപ്പായ വിരിച്ച് നടുവിൽ സുപ്രയിടുന്നു. സുപ്രയിലാണ് ഭക്ഷണസാധനങ്ങൾ നിരത്തുന്നത്. കൈതോലകൊണ്ട് വൃത്തമൊപ്പിച്ച് നെയ്‌തെടുക്കുന്ന തടുക്കാണ് സുപ്ര. അതിനു ചുറ്റും വട്ടത്തിലിരുന്നാണു ഭക്ഷണം കഴിക്കുന്നത്. വിരുന്നുകാരുണ്ടെങ്കിൽ ഉമ്മറത്തെ തിണ്ണയിലും വീട്ടുകാർ മാത്രമാവുമ്പോൾ അകത്തളത്തിലെ തിണ്ണയിലിരുന്നുമാണ് നോമ്പുതുറ. ചെറിയനോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം, അങ്ങനെ രാത്രികാലത്ത് നാല് നേരത്തേക്കുള്ള വിഭവങ്ങളൊരുക്കണം. ജോലിക്കാരികൾ ആവശ്യത്തിനുണ്ടാകുമെങ്കിലും വീട്ടിലെ പെണ്ണുങ്ങൾക്ക് നിന്നുതിരിയാൻ നേരമുണ്ടാകില്ല. അത്താഴവും സുബഹി നമസ്കാരവും കഴിഞ്ഞ് കിടക്കുന്നവർ ഉണരുമ്പോൾ മണി പത്തു കഴിയും. പണിക്കാരികൾ അപ്പോഴേ അടുക്കളയിൽ കയറും.

കുളിയും ഉച്ചനമസ്കാരവും കഴിഞ്ഞ് ഉമ്മയും ഉമ്മാമയും ജോലിക്കാരികളുടെ കൂടെ വൈകുന്നേരംവരെ അടുക്കളയിലുണ്ടാകും. വിഭവങ്ങൾക്ക് ഉപ്പോ, എരിവോ, പുളിയോ കൂടുകയോ കുറയുകയോ ചെയ്‌താൽ ആണുങ്ങൾ പുരപൊളിച്ച് പന്തലിടും. അതുകൊണ്ട് മുള്ളിൽച്ചവിട്ടിയപോലെയാണ് പെണ്ണുങ്ങളുടെ നിൽപ്. അതിനിടയിലായിരിക്കും കുട്ടികളുടെ കുസൃതികൾ. ‘പട്ടിണി കിടന്നതുകൊണ്ടു മാത്രം നോമ്പു പൂർത്തിയാകില്ല. വാക്കും പ്രവൃത്തിയും നിയന്ത്രിക്കണം. കോപം തീരെ പാടില്ല. മറ്റുള്ളവരെ ദുഷിക്കരുത്’ എന്നൊക്കെ ഞങ്ങൾക്ക് പറഞ്ഞുതരാറുള്ള ഉമ്മ അമിതഭാരം തലയിൽ കയറുമ്പോൾ കുട്ടികളോട് പൊട്ടിത്തെറിക്കും. ‘മൂപ്പത്തിക്ക് നോമ്പ് തലേക്കേറീക്ക് മക്കളേ, അടി മാങ്ങാണ്ടെ ബേം സ്ഥലം ബിട്ടോളീം..’ ഉമ്മയ്‌ക്ക് അരിശം മൂക്കുമ്പോൾ പണിക്കാരികൾ ഞങ്ങളെ അടുക്കളയിൽനിന്ന് ഓടിക്കും. നോമ്പ് തലയിൽ കയറി ഞങ്ങളോട് അരിശപ്പെടുമെങ്കിലു നോമ്പുകാരായ കുട്ടികൾക്ക്  സ്‌പെഷലുകളുണ്ടാക്കിത്തരുന്നതിൽ മുടക്കമുണ്ടാകാറില്ല.

ബാങ്കുവിളിക്ക് കാതോർത്ത്

കുട്ടികൾക്ക് പ്രിയം ചെറിയ നോമ്പുതുറയാണ്. ഉന്നക്കായ, കോഴിയട, മുട്ടപ്പത്തിരി, പഴംപൊരി, ഊറൽ, ബജിയ – അങ്ങനെ നാവിൽ കൊതിയൂറും നാലോ അഞ്ചോ വിഭവങ്ങൾ എന്നുമുണ്ടാകും. ഒപ്പം ഈന്തപ്പഴം, അത്തിപ്പഴം, കാരയ്‌ക്ക തുടങ്ങിയ ഡ്രൈഫ്രൂട്ട്‌സ്. വിരുന്നുകാരുണ്ടെങ്കിൽ വിഭവങ്ങളുടെ എണ്ണം കൂടും. കുടിക്കാനും കാണും ചായയ്‌ക്കു പുറമേ മധുരപാനീയങ്ങൾ. കറുത്ത കസ്കസ് വെള്ളത്തിൽ കുതിർത്ത് ചെരുനാരങ്ങാനീര് ചേർത്തുണ്ടാക്കുന്ന നാരങ്ങാവെള്ളം,  ബദാം പാലിൽ അരച്ചുകലക്കിയത്, ഇളനീർ – ഇങ്ങനെ നിത്യേന മാറിക്കൊണ്ടിരിക്കും. ഉമ്മറത്തേക്കു കൊണ്ടുപോകുംമുൻപു പെൺകുട്ടികൾക്ക് കൊടുക്കാൻ ഇവയിൽ ഒരുഭാഗം മാറ്റിവയ്‌ക്കാൻ ഉമ്മ മറക്കാറില്ല. പുരുഷന്മാരും ആൺകുട്ടികളും ഉമ്മറത്തിരുന്നും സ്‌ത്രീകളും പെൺകുട്ടികളും അടുക്കളയിൽ വട്ടത്തിൽ നിരത്തുന്ന ഉയരംകുറഞ്ഞ സ്റ്റൂളുപോലുള്ള പലകകളിലിരുന്നുമാണ് ഭക്ഷണം കഴിക്കാറുള്ളത്. വലിയ ആവേശത്തോടെയാണ് ബാങ്കുവിളിക്ക് കാതോർത്തിരിക്കുക. എല്ലാം ഒറ്റയടിയ്‌ക്ക് അകത്താക്കാനുളള വിശപ്പുമുണ്ടാകും. പക്ഷേ നോമ്പുള്ള ദിവസങ്ങളിൽ അധികമൊന്നും കഴിക്കാൻ സാധിക്കില്ല.

വെള്ളവും മധുരപാനീയങ്ങളും എണ്ണപ്പലഹാരങ്ങളും കഴിക്കുന്നതോടെ വയറു നിറഞ്ഞ് ക്ഷീണംകൊണ്ടു വലയും. വലിയ നോമ്പുതുറയ്‌ക്കുള്ള പത്തിരിയും ഇറച്ചിക്കറിയും, മീൻമുളകിട്ടതും, കോഴിപൊരിച്ചതുമൊക്കെ പലപ്പോഴും കഴിക്കാൻ സാധിക്കാറില്ല. നോമ്പുതുറയും മഗരിബ് നമസ്കാരവും കഴിയുന്നതോടെ ക്ഷീണം കൊണ്ടു മയങ്ങിപ്പോകും. വല്ലാതെ അവശതയുണ്ടാകുന്ന ദിവസങ്ങളിൽ പിറ്റേന്ന് ഉമ്മ അത്താഴത്തിനു വിളിക്കില്ല. രാവിലെ പത്തുമണിവരെ നോമ്പാണെന്നു ശാഠ്യംപിടിച്ച് ഉമ്മയുടെ അരികുപറ്റിക്കിടന്നു പുകിലുണ്ടാക്കും. രാത്രിമുഴുവൻ ഉറക്കമൊഴിഞ്ഞ് നോമ്പും നമസ്കാരവുമായി കഴിയുന്ന ഉമ്മ അത്താഴവും സുബഹി നിസ്കാരവും കഴിഞ്ഞാണു കിടക്കുന്നത്. ഉമ്മയുടെ രാവിലത്തെ ഉറക്കം തടസ്സപ്പെടുത്തുമ്പോൾ കുറച്ചുനേരം ഉമ്മ ക്ഷമിക്കും. അടി ഉറപ്പാകുന്ന ഘട്ടമാവുമ്പോഴേക്ക് പണിക്കാരി കദീസ്ത ഏറെ പ്രലോഭനവുമായി എത്തി നിർബന്ധിച്ച് എഴുന്നേൽപിച്ച് താഴത്തേക്കു കൊണ്ടുപോകും. തലേദിവസത്തെ ഉന്നക്കായയും സമൂസയുമുണ്ട്. വല്ലിപ്പ പ്രത്യേകമായി കരുതിവെച്ച നെയ്‌ച്ചോറും കോഴിപൊരിച്ചതുമുണ്ട് എന്നൊക്കെയുള്ള കദീസ്തയുടെ പ്രലോഭനത്തിൽ നോമ്പുകാര്യം തൽക്കാലം മറക്കും. 

സ്ത്രീകളുടെ തറാവീഹ്

കുട്ടികൾ മത്സരിച്ചാണ് അക്കാലത്ത് നോമ്പ് പിടിക്കുന്നതും ഖത്തം ഓതിത്തികയ്‌ക്കുന്നതും. ഖുർആൻ മുപ്പത് അധ്യായങ്ങൾ ഓതിത്തീർക്കുന്നതാണ് ഒരു ഖത്തം. വലിയ നോമ്പുതുറ കഴിഞ്ഞാൽ വീട്ടിലെ പുരുഷന്മാരും ആൺകുട്ടികളും തറാവീഹ് നമസ്കാരത്തിനായി പള്ളിയിലേക്കു പോകും. സ്‌ത്രീകളും പെൺകുട്ടികളും ജോലിക്കാരികളും വീട്ടിൽവച്ചുതന്നെയാണ് തറാവീഹ് നമസ്കരിക്കുന്നത്. അടുത്ത ബന്ധുക്കളായ പുരുഷന്മാരെ ആയിരിക്കും അവർക്ക് ഇമാമായി വല്യുപ്പ ഏർപ്പാട് ചെയ്യുക. അപ്പോൾ പിന്നെ  സ്‌ത്രീകൾക്ക് അയാളെ പിന്തുടർന്ന് നിസക്കരിക്കുന്നതിന് തടസ്സമില്ല. ഇമാമിനു പെരുന്നാളിനു കോടിമുണ്ടും പണവും കൊടുക്കും. ഉമ്മറത്തളത്തിലെ തിണ്ണയിലാണ് ഞങ്ങളുടെ നമസ്കാരം. ചുരുങ്ങിയത് മുക്കാൽ മണിക്കൂറെങ്കിലുമെടുക്കും നമസ്കാരം തീരാൻ. തുടക്കത്തിൽ കുട്ടികൾ ഉഷാറിലായിരിക്കും. അതിനിടയിൽ പലരും ക്ഷീണിക്കും. ചിലർ മുഷിയും. ചിലർ ഉറക്കുംതൂങ്ങി മൂലയിൽ ചായും. വിരസത തീർക്കാൻ തൊട്ടും തോണ്ടിയുമുളള കുസൃതികൾ, അടക്കിപ്പിടിച്ച സംസാരങ്ങൾ. ഉമ്മയുടെയോ ഉമ്മാമയുടെയോ കണ്ണുരുട്ടൽ കാണുന്നതുവരെ ബഹളം തുടരും.

നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്‌ചകളിലും വീട്ടിലെ സ്‌ത്രീകൾക്ക് തൗബയുണ്ട്. ചെയ്‌ത പാപങ്ങൾ ഏറ്റുപറഞ്ഞ് മാപ്പിനപേക്ഷിക്കുന്നതാണ് തൗബ. വെള്ളിയാഴ്‌ച ജുമുഅയ്‌ക്ക് മുമ്പാണ് മന്തിരിക്കുന്ന കുഞ്ഞാമിനുമ്മയുടെ നേതൃത്വത്തിൽ പാപമോചനത്തിനായുള്ള പ്രാർഥന. കുഞ്ഞാമിനുമ്മ നാട്ടിലെ മതപണ്ഡിതയാണ്. ചില്ലറ അസുഖങ്ങളുള്ളവരെ കുഞ്ഞാമിനുമ്മ മന്ത്രിച്ചൂതിയാൽ അസുഖം ഭേദമാകുമെന്നു നാട്ടുകാർ വിശ്വസിച്ചു. അങ്ങനെയാണ് മന്തിരിക്കുന്ന കുഞ്ഞാമിനുമ്മ എന്ന പേരു കിട്ടിയത്. കരഞ്ഞുകൊണ്ടാണ് കുഞ്ഞാമിനുമ്മയുടെ പ്രാർഥന. അതോടെ ഉമ്മയും  ഉമ്മാമയും ഏങ്ങലടി തുടങ്ങും. ഞങ്ങളുടെ തമ്പുരാനേ....അറിഞ്ഞും അറിയാതെയും ചെയ്‌തുപോയ വന്തോഷങ്ങളും ചെറുദോഷങ്ങളും നീ പൊറുത്തുതരേണമേ......നീ മാപ്പുകൊടുക്കാൻ ഇഷ്‌ടപ്പെടുന്നവനാണല്ലോ.....ഞങ്ങൾക്ക് മാപ്പു നൽകണേ......ഞങ്ങളുടെ ഖബറുകളിൽ നീ വെളിച്ചം പകരേണമേ....സ്വർഗ്ഗപ്പൂന്തോപ്പിൽ ഞങ്ങളെ ഒരുമിച്ചുകൂട്ടേണമേ........അവരുടെ കരച്ചിലിനു ശക്തി കൂടുമ്പോൾ എന്തിനെന്നറിയാതെ ഞങ്ങൾ കുട്ടികളും കരച്ചിൽ തുടങ്ങും. നോമ്പ് ഭക്ഷണത്തിന്റെ മാത്രമല്ല, ഭക്തിയുടെ മാസംകൂടിയാണെന്ന് ഇത്തരം പ്രാർഥനകളിലൂടെയാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്.

പെരുന്നാൾ ഒരുക്കങ്ങൾ

നോമ്പ് പകുതിയാവുമ്പോഴേക്ക് വീട്ടിൽ പെരുന്നാളിന്റെ ഒരുക്കങ്ങൾ തുടങ്ങുകയായി. മുതിർന്നവർക്കും കുട്ടികൾക്കും പെരുന്നാൾക്കോടി അണിയാനുള്ള തുണിത്തരങ്ങൾ ഇതിനകം എത്തിയിരിക്കും. പണിക്കാരികൾക്കും കാര്യസ്ഥന്മാർക്കും ധനശേഷി കുറഞ്ഞ ബന്ധുക്കൾക്കുമൊക്കെ പെരുന്നാൾക്കോടി കൊടുക്കും. കുട്ടികളുടെ ഉടുപ്പ് തയ്‌ക്കാനുള്ള തുന്നക്കാരൻ സണ്ണി കോഴിക്കോട്ട് നിന്നെത്തി എല്ലാവരുടെയും അളവെടുത്ത് തുണികളുമായി പോകും. പെരുന്നാൾത്തലേന്നായിരിക്കും അയാൾ തയ്‌ച്ച വസ്‌ത്രങ്ങളുമായി തിരിച്ചെത്തുക. അയാൾ എത്തുന്നതുവരെ ഞങ്ങൾക്ക് അതേക്കുറിച്ചുള്ള ആധിയാണ്. ചേലക്കുപ്പായമെന്നു വിളിക്കുന്ന ഫ്രോക്കിന് നീളം കൂടുമോ കുറയുമോ. കഴുത്തിന് പറഞ്ഞതുപോലെ ഫ്രില്ല് വച്ചിട്ടുണ്ടാകുമോ എന്നൊക്കെ ചോദിച്ച് ഉമ്മയെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ട ിരിക്കുകയും ഇടയ്‌ക്ക് പിടവാങ്ങുകയും എന്റെ സ്ഥിരം പതിവായിരുന്നു. നോമ്പു തുടക്കം മുതൽ സക്കാത്തിന് ആളുകളെത്താറുമെണ്ടെങ്കിലും ഇരുപത്തിയേഴിനാണ് പരക്കെയുള്ള സക്കാത്ത് കൊടുപ്പ്. ടി.വിയൊന്നും ഇല്ലാതിരുന്ന അക്കാലത്ത് രാവിലെ മുതൽ വരിവരിയായി എത്തുന്ന ആളുകളെ നോക്കി ഉമ്മറത്തിരിക്കുകയായിരുന്നു സമയം പോക്കാനുള്ള ഞങ്ങളുടെ ഉപാധി.

ആ പടക്കങ്ങളും മത്താപ്പും

പെരുന്നാൾത്തലേന്ന് ഒരു കാർഡ്‌ബോർഡ് പെട്ടി നിറയെ പടക്കവുമായി ബാപ്പ എത്തുന്നതോടെ എന്റെ ഉറക്കം നഷ്‌ടപ്പെടും. ആനപ്പടക്കവും, മാലപ്പടക്കവും ആറ്റംബോംബും പടപടെ പൊട്ടിത്തെറിക്കുമ്പോൾ ഞാൻ കിടുകിടെ വിറച്ച് ഉമ്മയുടെ കാച്ചിത്തുമ്പിൽ മുഖംപൂഴ്‌ത്തും. കമ്പിത്തിരി, ലാത്തിരി, പൂത്തിരി, മത്താപ്പ് തുടങ്ങിയതൊക്കെ കത്തിക്കുന്നത്  പേടിയോടെയാണെങ്കിലും ദൂരെ മാറിനിന്ന് കാണും. മത്താപ്പ് മാത്രമാണ് ഞാൻ പേടിയില്ലാതെ കത്തിക്കാറുള്ളത്. തീപ്പെട്ടിപ്പെട്ടിയിൽ നിറമുള്ള കോലുകൾ. ഒറ്റയ്‌ക്ക് ഒരു മൂലയിൽച്ചെന്ന് ഓരോ തീപ്പെട്ടിക്കോലുരച്ച് പച്ചയും നീലയും ചുവപ്പും വർണ്ണങ്ങൾ വിരിയിക്കുന്നതിനിടയിൽ ഇക്കാക്കമാർ നിർബന്ധിച്ച് ഉമ്മറത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. പൂത്തിരി കത്തുമ്പോൾ വിസ്‌മയത്തോടെ നോക്കിനിൽക്കുന്ന, പടക്കം പൊട്ടുമ്പോൾ വിതുമ്പിക്കരയുന്ന, ചേലക്കുപ്പായക്കാരി– പെരുന്നാൾ രാവുകളിലെ എന്റെ കിനാവുകൾ വർണ്ണാഭമാക്കുന്നു. പെരുന്നാൾ രാവിൽ മൈലാഞ്ചിയണിഞ്ഞ് കൈവിടർത്തിവച്ച് ഉറങ്ങാതിരിക്കാൻ ശ്രമിക്കുന്ന പാവാടക്കാരി. പുലർച്ചെ ഉണർന്ന് കുളിക്കാനായി ഞാനാദ്യമെന്നു പറഞ്ഞുകൊണ്ട് കുളിമുറിയിലേക്കുള്ള ഓട്ടവും ബഹളവും. ഓരോ കിടപ്പുമുറിക്കും ഓരോ കുളിമുറി സ്വപ്‌നം കാണാൻപോലും പറ്റാത്ത അക്കാലത്തും ഞങ്ങൾ കൃത്യസമയത്തുതന്നെ കുളിച്ച് തയാറാകുമായിരുന്നു. 

കാത്തിരിപ്പിന്റെ പുതിയകാലം

കൂട്ടുകുടുംബവ്യവസ്ഥിതി ഇല്ലാതായതോടെ ആഘോഷങ്ങളുടെ പകിട്ടു കുറഞ്ഞു. അന്യദേശത്തുള്ള മക്കളെ കാണാൻ വെമ്പുന്ന മനസ്സുമായാണ് ഇന്ന് നമ്മുടെ നാട്ടിലെ മിക്ക മാതാപിതാക്കളും ഓണവും പെരുന്നാളുമൊക്കെ ആഘോഷിക്കുന്നത്. പെരുന്നാൾ അല്ലാഹു നിർബന്ധമാക്കിയ ആഘോഷമായതുകൊണ്ട് മക്കൾ അടുത്തില്ലെങ്കിലും ആഘോഷിക്കുന്നതായി ഭാവിക്കുന്നു. സുഹൃത്തുക്കൾക്ക് പെരുന്നാൾ സദ്യ ഒരുക്കി മക്കളുടെ വിടവുനികത്താൻ ശ്രമിക്കുന്നു. അവരുടെ ഒഴിവുകാല വരവിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എല്ലാവർക്കും സ്‌നേഹം നിറഞ്ഞ പെരുന്നാളാശംസകൾ!

തയാറാക്കിയത് – സുൾഫിക്കർ