Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലത്തോട്ടം കാവൽക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു കുഴിയിൽ താഴ്ത്തി

Pooppara-velu കാട്ടാന ചവിട്ടിക്കൊന്ന വേലുവിന്റെ മൃതദേഹവുമായി നാട്ടുകാർ പൂപ്പാറയിൽ ദേശീയപാത ഉപരോധിക്കുന്നു. ഇൻസെറ്റ്: വേലു.

രാജകുമാരി (ഇടുക്കി)∙ ഏലത്തോട്ടം കാവൽക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ മൂലത്തുറയിൽ പുത്തുപ്പാറ എസ്റ്റേറ്റ് ലൈൻസിലെ പി.വേൽ‌ (വേലു–55) ആണു മരിച്ചത്. കാട്ടാനശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ടു നാട്ടുകാർ വേലുവിന്റെ മൃതദേഹവുമായി ആറു മണിക്കൂറോളം പൂപ്പാറയിൽ ദേശീയപാത ഉപരോധിച്ചു.

ഇന്നലെ രാവിലെ പുതുപ്പാറയിൽ നിന്നു മൂലത്തുറയിലെ തോട്ടത്തിലേക്കു നടന്നുവരുമ്പോഴാണു വേലു കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തിയ കാട്ടാന ഏലത്തൈയുടെ കുഴിയിലേക്കു വേലുവിന്റെ ശരീരം ചവിട്ടിത്താഴ്ത്തി. തൈ നടാനായി എടുത്തിരുന്ന ഈ കുഴി മണ്ണിട്ടുമൂടിയ ശേഷമാണു കാട്ടാന പിൻവാങ്ങിയത്. മൃതദേഹത്തിന്റെ കാലുകൾ മണ്ണിനുപുറത്തു കാണുന്ന നിലയിലായിരുന്നു. ആനയുടെ ചിന്നം വിളി കേട്ടെത്തിയ തോട്ടം കാവൽക്കാരാണു മൃതദേഹം കണ്ടത്.

കുറിവാലൻ എന്നറിയപ്പെടുന്ന കൊമ്പനാണു വേലുവിനെ കൊലപ്പെടുത്തിയതെന്നു നാട്ടുകാർ പറഞ്ഞു. ഈ കൊമ്പനെ കഴിഞ്ഞ വർഷം മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ ഇവിടെ നിന്നു കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. അതു പരാജയപ്പെട്ടതോടെ ആന കാടുകയറി.

ഒറ്റയാനെ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ നിന്ന് ഓടിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും നാട്ടുകാർ അംഗീകരിച്ചില്ല. വേലുവിന്റെ മൃതദേഹം കൊണ്ടുപോയ ശേഷവും റോഡ് ഉപരോധം തുടർ‌ന്നു. വൈകിട്ട് ഇടുക്കി ആർഡിഒ എം.പി.വിനോദ് എത്തി. വനംവകുപ്പിന്റെ അഞ്ചു ഗാർഡുമാരെ ഇവിടെ നിയമിക്കാമെന്ന് ഉറപ്പുനൽകി. വേലുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇതോടെയാണു റോഡ് ഉപരോധം അവസാനിപ്പിച്ചത്. അണ്ണാക്കാമുവാണു വേലുവിന്റെ ഭാര്യ. മക്കൾ. പാണ്ടിയമ്മ, മുക്തേശ്വരി.