Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യത്തിന്റെ സെസ് തുക ധനവകുപ്പ് വകമാറ്റി ചെലവഴിച്ചു

bevco-outlet

തിരുവനന്തപുരം∙ ദരിദ്രരായ രോഗികൾക്കു സൗജന്യമായി മരുന്ന് നൽകാനും ബാർ പൂട്ടിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിനുവേണ്ടിയും മദ്യത്തിൽനിന്നു പിരിച്ചെടുത്ത സെസ് തുകയായ 1600 കോടിയിലേറെ രൂപ ധനവകുപ്പ് വകമാറ്റി ചെലവഴിച്ചു. 2014ൽ ആണ് ഒരു ശതമാനം മെഡിക്കൽ സെസും അഞ്ചു ശതമാനം പുനരധിവാസ സെസും ഏൽപ്പെടുത്തിയത്.

ബവ്റിജസ് കോർപറേഷൻ വഴി മാത്രം മെഡിക്കൽ സെസ് ഇനത്തിൽ 352.94 കോടി രൂപ പിരിച്ചെടുത്തു. ഇതിൽ 30 കോടി രൂപയാണു കേരള മെഡിക്കൽ സർവീസസ് കോർപറേഷനു നൽകിയത്. 2015ൽ ഈ തുക നൽകിയശേഷം ചില്ലിക്കാശുപോലും ധനവകുപ്പ് അനുവദിച്ചിട്ടില്ല. തൊഴിലാളികളുടെ പുനരധിവാസത്തിനായി സെസിലൂടെ 1250 കോടി രൂപയാണു ലഭിച്ചത്.

ഈ തുക മൊത്തത്തിൽ ധനവകുപ്പ് മറ്റു കാര്യങ്ങൾക്കുവേണ്ടി ചെലവഴിച്ചു. പുനരധിവാസം വേണ്ട തൊഴിലാളികളുടെ പട്ടിക തയാറാക്കാൻ എക്സൈസ് വകുപ്പിനെയാണു ചുമതലപ്പെടുത്തിയിരുന്നത്. അവരാകട്ടെ, പട്ടിക തയാറാക്കാൻ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികളുടെ കണക്ക് ബാറുകൾ ലഭ്യമാക്കുന്നില്ലെന്ന ന്യായമാണു നാലുവർഷമായി ആവർത്തിക്കുന്നത്.

ഈ വർഷത്തെ ബജറ്റിൽ സെസ് അവസാനിപ്പിച്ചു. സെസ് ഉൾപ്പെടെയുള്ളവ ചേർത്തു മദ്യത്തിന്റെ നികുതി 210 ശതമാനമായി നിജപ്പെടുത്തുകയായിരുന്നു. സെസ് ഇനത്തിൽ ലഭിച്ച തുക കൊടുക്കാതെ ഒഴിഞ്ഞുമാറാനുള്ള പഴുതാണ് ധനവകുപ്പ് ഇതിലൂടെ ഒരുക്കിയത്.