Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎ യുവാവിനെ മർദിച്ചപ്പോൾ സിഐ കാഴ്ചക്കാരനായി നിന്നു

Ganesh-Kumar-Ananthakrishnan-Sheena

അഞ്ചൽ (കൊല്ലം) ∙ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുവാവിനെ തല്ലുകയും യുവാവിന്റെ അമ്മയുടെ കയ്യിൽ കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ചു കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചൽ സിഐ മോഹൻദാസ് മർദനം തടയാൻ ശ്രമിക്കാതെ കാഴ്ചക്കാരനായി നിന്നെന്നാണ് ആരോപണം. ഇദ്ദേഹം തന്നെയാണ് ഈ കേസ് അന്വേഷിക്കുന്നതും. മർദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഷീന കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നെന്നു വ്യക്തമാക്കിയതായി അറിയുന്നു.

സിഐ വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപമായിരുന്നു സംഭവം. ബഹളം കേട്ടു പുറത്തിറങ്ങിയ സിഐ ഗണേഷിനെയും ഡ്രൈവറെയും പിടികൂടുന്നതിനു പകരം ഇവരെ സ്ഥലത്തുനിന്നു രക്ഷിക്കാനാണു ശ്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. എംഎൽഎയുടെ മർദനത്തിൽ പരുക്കേറ്റ അനന്തകൃഷ്ണൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ സിഐ തടഞ്ഞതായും ആക്ഷേപമുണ്ട്.

ആളുകൂടിയതോടെ ഗണേഷ്കുമാറും ഡ്രൈവറും സ്ഥലംവിട്ടു. തൊട്ടു പിന്നാലെ സിഐയും ഇവിടെനിന്നു മാറി. ഉച്ചയ്ക്ക് ഒന്നരയ്ക്കു മർദനമേറ്റ അനന്തകൃഷ്ണൻ ഒരുമണിക്കൂറിനകം സിഐയ്ക്കു പരാതി നൽകിയെങ്കിലും കേസ് എടുത്തത് വൈകിട്ട് 5.30ന്. മുക്കാൽ മണിക്കൂർ മുൻപേ ഗണേഷ്കുമാറിന്റെ പരാതിയിൽ കേസ് എടുക്കുകയും ചെയ്തു.

ഗണേഷിന്റെ പരാതി ഫാക്സിൽ ലഭിച്ചെന്നാണ് സിഐ ആദ്യം പറഞ്ഞത്. ഗണേഷിന്റെ സ്റ്റാഫിൽപെട്ടയാൾ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി എന്നായി പിന്നീട്. പ്രശ്നം വഷളാകുമെന്നു മനസ്സിലായതോടെ കോടതിയിൽ മൊഴി നൽകാൻ ഷീനയ്ക്കു നോട്ടിസ് നൽകി തടിതപ്പി. ഷീന മൊഴി നൽകിയതിനാൽ ഇനി കോടതി നിർദേശം അനുസരിച്ചാകും കേസിന്റെ ഗതി.