Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഋഷിരാജ് സിങ്ങിനു വീട് കിട്ടിയില്ല; ഐഎസ്ആർഒ ചാരക്കേസ് അവിടെത്തുടങ്ങിയെന്നു സെൻകുമാർ

TP-Senkumar

കൊല്ലം ∙ അന്നത്തെ തിരുവനന്തപുരം ഡപ്യൂട്ടി കമ്മിഷണർ ഋഷിരാജ് സിങ്ങിനു പൊലീസ് ക്വാർട്ടേഴ്സോ വാടകവീടോ ലഭിക്കാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിന്റെ പരിണിതഫലമാണ് ഐഎസ്ആർഒ ചാരക്കേസെന്നും അല്ലാതെ സിഐഎയും ക്രയോജനിക് എൻജിനുമൊന്നുമല്ലെന്നും മുൻ ഡിജിപി ടി.പി.സെൻകുമാർ. കൊല്ലം പ്രസ് ക്ലബ്ബിന്റെ പി.കെ.തമ്പി അനുസ്മരണത്തോടനുബന്ധിച്ചു ‘ഭരണം പൊലീസ്, മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊള്ളാവുന്ന വീടൊക്കെ മാലിക്കാർ വാടകയ്ക്ക് എടുത്തതു കണ്ട് ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന വിജയനോട് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. അന്വേഷണത്തിനിടെ മറിയം റഷീദയുടെ വീട്ടിലെത്തിയപ്പോൾ പാസ്പോർട്ടിൽ ചട്ടലംഘനം കണ്ടെത്തി. അങ്ങനെയാണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ 225/94 എന്ന കേസ് റജിസ്റ്റർ ചെയ്തത്.

ഫോൺ നമ്പർ ശേഖരിച്ചപ്പോഴാണു കാര്യങ്ങൾ മനസ്സിലായത്. കേസിന്റെ തുടക്കം ഇപ്രകാരമായിരുന്നുവെന്ന സത്യം മൂടിവയ്ക്കപ്പെട്ടു. ഇതേക്കുറിച്ചൊക്കെ താൻ പുസ്തകമെഴുതുന്നുണ്ടെന്നും സെൻകുമാർ പറഞ്ഞു. അമേരിക്കൻ ചാരസംഘടനയായ സിഐഎയും ക്രയോജനിക് എൻജിനുമൊക്കെ പിന്നീടു വന്നതാണ്.

1994ൽ ഇന്ത്യയ്ക്കു ക്രയോജനിക് എൻജിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്ന് ഐഎസ്‌ആർഒ ചെയർമാനായിരുന്ന മാധവൻ നായർ തന്നോടു പറഞ്ഞിട്ടുണ്ട്. അതേക്കുറിച്ചറിയാവുന്ന ശാസ്ത്രജ്ഞർ അന്ന് ഐഎസ്ആർഒയിലില്ല. കേസിൽ സിഐഎ ഇടപെടലുണ്ടെന്ന് പറയുന്ന ആളുകൾ സ്വയം വിരമിക്കലിന് അപേക്ഷ കൊടുത്ത കത്തൊക്കെ തന്റെ അന്വേഷണത്തിൽ കണ്ടെടുത്തതാണ്.

1996 ജൂൺ 24ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ തന്നെ വിളിച്ച് ഐഎസ്ആർഒ ചാരക്കേസ് പുനരന്വേഷണച്ചുമതല ഏൽപിച്ചു. അതിനു നിയമപരമായി സാധുതയില്ലെന്നു പറഞ്ഞപ്പോൾ ഉണ്ടെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. സിബിഐ അന്വേഷിച്ച കേസ് വീണ്ടും സംസ്ഥാന പൊലീസ് അന്വേഷിച്ച സംഭവം ഇന്ത്യയുടെ ചരിത്രത്തിൽ ഇതേയുള്ളൂ. ഇതിന്റെ പരിണതഫലമായി താൻ മൂന്നു കേസിൽ പ്രതിയായി.

പലരും ജീവചരിത്രങ്ങളൊക്കെ എഴുതുമ്പോഴും മാധ്യമങ്ങൾ മറുകണ്ടം ചാടി പലതും പറയുമ്പോഴും എന്തുകൊണ്ട് ഐഎസ്ആർഒ കേസുണ്ടായി എന്ന് ആരും അന്വേഷിക്കുന്നില്ലെന്നും സെൻകുമാർ പറഞ്ഞു. മാധ്യമങ്ങളും അഭിഭാഷകരും ജഡ്ജിമാരും തമ്മിൽ അനാരോഗ്യകരമായ ബന്ധം നിലനിൽക്കുന്നതു രണ്ടുകൂട്ടർക്കും സമൂഹത്തിനും ഗുണകരമല്ലെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത കെപിസിസി മുൻ പ്രസിഡന്റും മുൻ മന്ത്രിയുമായ സി.വി.പത്മരാജൻ പറഞ്ഞു.

സിനിമാ – സീരിയൽ താരം സൂര്യ രാജേഷ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷനായി. സെക്രട്ടറി ജി.ബിജു, പി.എസ്.പ്രദീപ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.