Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുട്ടിൽ തപ്പിത്തടഞ്ഞ് കുമ്മനത്തിന്റെ മലയിറക്കം; വഴിവിളക്കുകൾ തെളിഞ്ഞില്ല, ജനറേറ്ററും ക്രമീകരിച്ചില്ല

kummanam-house തോളേറിയ വാൽസല്യം: കോട്ടയം കുമ്മനത്തെ വീട്ടിലെത്തിയ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സഹോദരന്റെ കൊച്ചുമകൻ അഭിനവിനെ തോളിലേറ്റിയപ്പോൾ. സഹോദരങ്ങളുടെ കൊച്ചുമക്കളും ബന്ധുക്കളും സമീപം. ചിത്രം ∙ മനോരമ

ശബരിമല ∙ കോരിച്ചൊരിയുന്ന മഴയിൽ ഇരുട്ടിൽ തപ്പിത്തടഞ്ഞ് മിസോറം ഗവർണർ കുമ്മനം രാജേശഖരന്റെ മലയിറക്കം. ശബരിമലയിൽ നിന്നു മടങ്ങുംവഴി ഗവർണർക്കു വെളിച്ചത്തിന് ആകെയുണ്ടായിരുന്നത് മൂന്നു ടോർച്ചും മൊബൈൽ ഫോണിലെ വെളിച്ചവും. ഇന്നലെ നിർമാല്യം കഴിഞ്ഞ് പുലർച്ചെ 4.20നു കുമ്മനം മലയിറങ്ങാൻ തുടങ്ങി.

കനത്ത മഴ പെയ്തതോടെ ചുറ്റും കുറ്റാക്കൂരിരുട്ട്. മരക്കൂട്ടം വരെ പ്രശ്നമില്ലാതെ ഇറങ്ങി. സ്വാമി അയ്യപ്പൻ റോഡിലെത്തിയപ്പോഴേക്കും ഇരുട്ട് കനത്തു. വഴി വിളക്കുകൾ ഒന്നു പോലും കത്തിയിട്ടില്ല. അപ്പാച്ചിമേടു വഴി കൊണ്ടുപോകാൻ ആലോചിച്ചെങ്കിലും ഗവർണർ വീണ്ടും കയറ്റം കയറണം. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ വന്ന വഴി തന്നെ യാത്ര തുടർന്നു. നനഞ്ഞു കിടന്നതിനാൽ വഴിയിലെല്ലാം വഴുക്കൽ അധികമായിരുന്നു.

ഗവർണറുടെ ഇരുവശവും പൊലീസുകാർ നിന്നു ടോർച്ച് തെളിച്ചു. ഒരു പൊലീസുകാരൻ മുന്നേ വെളിച്ചം കാട്ടി നീങ്ങി. ബാക്കിയുള്ളവർ മൊബൈൽ ഫോണിലെ ൈലറ്റ് ഓൺ ചെയ്തു. വഴി വ്യക്തമാകാത്തതിനാൽ ഗവർണർ തെന്നി വീഴും എന്ന ഭയമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക്.

ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വഴിവിളക്കുകൾ കത്തിക്കണമെന്നു പൊലീസ് കെഎസ്ഇബിയെ അറിയിച്ചതായി പറയുന്നു. പക്ഷേ, വിളക്കുകളൊന്നും തെളിഞ്ഞില്ല. മറ്റ് അയ്യപ്പന്മാരും മൊബൈൽ വെളിച്ചത്തിലാണ് മലയിറങ്ങിയത്. മാസപൂജയ്ക്കു നട തുറന്നെങ്കിലും വഴിവിളക്കുകൾ കത്തിക്കാൻ കെഎസ്ഇബി തയാറായിട്ടില്ല. വൈദ്യുതി മുടങ്ങുമ്പോൾ പകരം സംവിധാനമായി ജനറേറ്റർ ക്രമീകരിക്കണമെന്നു ദേവസ്വം ബോർഡിനു ഹൈക്കോടതി നൽകിയ ഉത്തരവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.