Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30 ഡോക്ടർമാരെ പിരിച്ചുവിടും; മുങ്ങി നടക്കുന്നത് 78 ഡോക്ടർമാർ

Doctor

പത്തനംതിട്ട ∙ സംസ്ഥാനത്തെ നാലു പ്രധാന സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് അനധികൃത അവധിയെടുത്തു മുങ്ങിനടക്കുന്ന 30 ഡോക്ടർമാരെ പിരിച്ചുവിടാൻ ആരോഗ്യവകുപ്പിന്റെ ശുപാർശ. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നിന്ന് ഇത്തരത്തിൽ 78 ഡോക്ടർമാരാണ് വർഷങ്ങളായി അനധികൃത അവധിയിലുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും വിദേശത്തും സംസ്ഥാനത്തെ തന്നെ മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവർത്തിക്കുകയാണ്.

സർവീസിൽ തിരിച്ചുകയറാൻ സർക്കാർ അന്ത്യശാസനം നൽകിയിട്ടും പാലിക്കാത്ത 30 പേരെയാണ് പിരിച്ചുവിടുന്നത്. 27 പേർ തിരിച്ചുകയറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബാക്കി 21 പേർക്കു സർക്കാർ അന്ത്യശാസന നോട്ടിസ് നൽകാനൊരുങ്ങുകയാണ്. നാലു മെഡിക്കൽ കോളജുകളിലുമായി അനധികൃത അവധിക്കാരുടേതുൾപ്പെടെ ഇരുനൂറിലധികം ഡോക്ടർമാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

കോട്ടയം (90), കോഴിക്കോട് (36) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ഒഴിവുകൾ. മെഡിക്കൽ കോളജുകളിൽ നഴ്സുമാരുടെ സ്ഥിതിയും സമാനമാണ്- കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നീ മെഡിക്കൽ കോളജുകളിൽ 173 നഴ്സുമാർ ദീർഘകാല അവധിയിലാണ്. ഇതിൽ 98 പേർ വിദേശത്തു പോയി. പലരും സർവീസിൽ കയറി മാസങ്ങൾക്കകമാണു നാടുവിട്ടത്.

കോഴിക്കോട്ട് 145 സ്റ്റാഫ് നഴ്സുമാരുടെയും ആലപ്പുഴയിൽ 25 പേരുടെയും തസ്തിക ഒഴിഞ്ഞു കിടക്കുന്നു. വിവിധ ജില്ലാ, ജനറൽആശുപത്രികളിലും വിവിധ സ്പെഷ്യൽറ്റി കേഡറുകളിലുമായി 246 ഡോക്ടർമാരുടെ ഒഴിവുമുണ്ട്. പാലക്കാട് (59 ഡോക്ടർമാർ), കോഴിക്കോട് (34), കോട്ടയം (30) ജില്ലകളിലാണ് ‘മുങ്ങൽ വിദഗ്ധരായ’ ഡോക്ടർമാർ ഏറെയുള്ളത്.

related stories