Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപക നിയമനം: ഗ്രേസ് മാർക്ക് തൽക്കാലം തുടരും

PSC

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി, കോളജ് അധ്യാപക നിയമനത്തിനു നിലവിലുള്ള ഗ്രേസ് മാർക്ക് തൽക്കാലം തുടരാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. പുതിയ വിജ്ഞാപനം വരികയും നിലവിലുള്ള പരീക്ഷാരീതി മാറുകയും ചെയ്യുന്ന ഘട്ടത്തിൽ ഇക്കാര്യം പുനഃപരിശോധിക്കാനും ധാരണയായി.

അതേസമയം, ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന ദേശീയ സ്ഥാപനങ്ങളുടെ ബിരുദങ്ങൾ അംഗീകരിക്കാനും യോഗം തീരുമാനിച്ചു. ഇതനുസരിച്ചു യുജിസി അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളുടെയും ബിരുദങ്ങൾ പിഎസ്‌സി അംഗീകരിക്കും. ഹയർസെക്കൻഡറി, കോളജ് അധ്യാപകരെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ ബിരുദാനന്തര ബിരുദത്തിന്റെ മാർക്കിന്റെ 30% കൂടി ഗ്രേസ് മാർക്ക് ആയി നൽകുന്നുണ്ട്.

മാർക്കിനു പകരം ഗ്രേഡ് നിലവിൽ വന്ന സാഹചര്യത്തിൽ നിശ്ചിത ഫോർമുലയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഗ്രേസ് മാർക്ക് കണക്കാക്കുന്നത്. എന്നാൽ പല ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫോർമുല നൽകാത്തതുമൂലം പിഎസ്‌സിക്കു ഗ്രേസ് മാർക്ക് കണക്കാക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇത് ഒഴിവാക്കണമെന്നു നിർദേശം ഉയർന്നു. ഇതേക്കുറിച്ചു പഠിച്ച വിദഗ്ധ സമിതി ഗ്രേസ് മാർക്ക് 20% ആയി കുറയ്ക്കാൻ ശുപാർശ ചെയ്തു.

ഇന്നലെ ഈ വിഷയം പിഎസ്‌സി യോഗം ചർച്ച ചെയ്തു. ഗ്രേസ് മാർക്ക് ഒഴിവാക്കുന്നതിൽ തെറ്റില്ലെന്നും പകരം രണ്ടു പരീക്ഷയെങ്കിലും നടത്തി ഉദ്യോഗാർഥിയുടെ നിലവാരം അളക്കണമെന്നും നിർദേശം ഉയർന്നു. ഒഎംആർ പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ അധ്യാപക തസ്തികയിലേക്കുള്ള അക്കാദമിക് നിലവാരം അളക്കുന്നതു ശരിയല്ലെന്നായിരുന്നു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണു നിലവിലുള്ള വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയമനങ്ങളിൽ ഗ്രേസ് മാർക്ക് തൽക്കാലം തുടരാൻ തീരുമാനിച്ചത്.