Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിൽ അലംഭാവമെന്നു പ്രതിപക്ഷം; മാതൃകാപ്രവർത്തനമെന്നു മുഖ്യമന്ത്രി

Karinchola-Landslide

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ 14 പേരടക്കം മരിച്ച കാലവർഷക്കെടുതിക്കു മുൻകരുതലെടുക്കുന്നതിലും രക്ഷാപ്രവർത്തനത്തിലും സർക്കാർ അലംഭാവം കാണിച്ചെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. കേരളമാകെ അഭിനന്ദിക്കുന്ന തരത്തിലുള്ള രക്ഷാപ്രവർത്തനത്തിനാണു മന്ത്രിമാർ മേൽനോട്ടം വഹിച്ചതെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ തൃപ്തരാക്കിയില്ല. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ വൻ പരാജയമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

താമരശ്ശേരിക്കു സമീപം കട്ടിപ്പാറ ഇരിഞ്ചോലമലയിലെ ഉരുൾപൊട്ടലടക്കമുള്ള സംഭവങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷത്തെ പാറയ്ക്കൽ അബ്ദുല്ലയാണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്. സി.കെ.ശശീന്ദ്രൻ, സണ്ണി ജോസഫ്, ജോർജ് എം.തോമസ്, കെ.സി.ജോസഫ് എന്നിവർ സബ്മിഷനുകളിലൂടെയും ഇക്കാര്യം ശ്രദ്ധയിൽപെടുത്തി.

കാലവർഷ മുന്നറിയിപ്പുകളെല്ലാം സർക്കാർ നൽകിയിരുന്നുവെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ഉരുൾപൊട്ടൽ മേഖല മുൻകൂട്ടി തിരിച്ചറിഞ്ഞു നടപടികൾക്കു പരിമിതിയുണ്ട്. എന്നാൽ അതിനുശേഷം സാധ്യമായ എല്ലാ നടപടിയുമെടുത്തു. ഇതുവരെ 56 പേരാണു മഴക്കെടുതിയിൽ മരിച്ചത്. നാലുപേരെ കാണാതായി. 115 ക്യാംപുകൾ ആരംഭിച്ചു. 5520 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 235 വീടുകൾ പൂർണമായും 5027 എണ്ണം ഭാഗികമായും തകർ‍ന്നു. ഇതിലും വിളനാശത്തിലുമെല്ലാമായി 79 കോടിയുടെ നഷ്ടം ആകെയുണ്ടായി.

കലക്ടർമാരടക്കമുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടു നടപടികളെടുക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും. ദുരന്തനിവാരണ കേന്ദ്രം ഗുരുതര വീഴ്ചയാണു വരുത്തുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവർത്തനം വൈകി. ഹെലികോപ്ടറിന്റെ സേവനം തേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ എം.കെ.മുനീർ, കെ.എം.മാണി, അനൂപ് ജേക്കബ് എന്നിവരും ഇറങ്ങിപ്പോക്കിൽ പങ്കുചേർന്നു.

ശശീന്ദ്രന് എന്തറിയാമെന്നു രമേശ്; സഭയിൽ വാഗ്വാദം

കാലവർഷക്കെടുതിയെക്കുറിച്ചു മന്ത്രി എ.കെ.ശശീന്ദ്രന് എന്തറിയാമെന്നു രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശം ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. തനിക്കു വിവരമില്ലെന്നാണോ പറയുന്നതെന്നു ശശീന്ദ്രനും ചൊടിച്ചു. ഇറങ്ങിപ്പോക്കിനു മുമ്പുള്ള രമേശിന്റെ പ്രസംഗത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ചില അംഗങ്ങളും ചോദ്യങ്ങളുമായി എഴുന്നേറ്റിരുന്നു. ഇതിനിടെ ശശീന്ദ്രൻ കൂടി എഴുന്നേറ്റപ്പോഴാണ് ‘അങ്ങേക്ക് ഇതേപ്പറ്റി ഒന്നുമറിയില്ലല്ലോ, ട്രാൻസ്പോർട്ട് മന്ത്രിയല്ലേ, അവിടെയിരിക്ക്..’ എന്നു രമേശ് പ്രതികരിച്ചത്. കോഴിക്കോട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്ത മന്ത്രിക്കെതിരായുള്ള ഈ പരാമർശം നിർഭാഗ്യകരമായെന്നും രേഖകളിൽനിന്നു നീക്കണമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പരിശോധിക്കാമെന്നു സ്പീക്കർ അറിയിച്ചു.

ജലസംഭരണിയെക്കുറിച്ച് അന്വേഷണം: മുഖ്യമന്ത്രി

കട്ടിപ്പാറ ഇരിഞ്ചോല മലയിലെ ഉരുൾപൊട്ടലിനു മലയ്ക്കു മുകളിലെ ജലസംഭരണി കാരണമായെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധരടങ്ങിയ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആക്ഷേപം ഗൗരവമുള്ളതാണെന്നു മന്ത്രി ടി.പി.രാമകൃഷ്ണനും പറഞ്ഞു. സ്ഥലം സന്ദർശിച്ച താൻ ഈ ജലസംഭരണിയെക്കുറിച്ച് അറിഞ്ഞ് അമ്പരന്നു പോയെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടിയതിനോടു പ്രതികരിക്കുകയായിരുന്നു ഇരുവരും. മലയ്ക്കു മുകളിൽ നാലായിരം ലക്ഷം ലീറ്റർ ജലം സംഭരിക്കാവുന്ന തടയണ എങ്ങനെയാണു സ്ഥാപിതമായത്? ആരാണ് അനുമതി കൊടുത്തത്? ഇതു തകർന്നു വീണതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. മനുഷ്യൻ സൃഷ്ടിച്ച ദുരന്തമാണിത്– ചെന്നിത്തല പറഞ്ഞു.