Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചൽ സിഐയുടെ സ്ഥലംമാറ്റം: സർക്കാർ സഭയെ തെറ്റിദ്ധരിപ്പിച്ചു

Ganesh-Kumar-Ananthakrishnan-Sheena

കൊല്ലം ∙ യുവാവിനെ അമ്മയുടെ മുന്നിലിട്ടു കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു മർദിച്ച സംഭവത്തിൽ സർക്കാർ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. സംഭവത്തിൽ ആരോപണവിധേയനായ സിഐയെ സ്ഥലംമാറ്റിയെന്നു നിയമസഭയിൽ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതു തെറ്റാണെന്ന് ആഭ്യന്തര വകുപ്പ് രേഖകൾ തെളിയിക്കുന്നു. അഞ്ചൽ സിഐ കെ.ആർ.മോഹൻദാസിനെ ജന്മനാടായ കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്കു മാറ്റിയാണ് ആഭ്യന്തരവകുപ്പിന്റെ ‘അച്ചടക്ക നടപടി’.

അനന്തകൃഷ്ണൻ എന്ന യുവാവിനെ മർദിച്ച സംഭവത്തിനു ദൃക്സാക്ഷിയായിരുന്നിട്ടും ഇടപെടാതിരുന്നതും അനന്തകൃഷ്ണനെ പ്രതിയാക്കി കേസെടുത്തതും വിവാദമായതിനു പിന്നാലെയാണു സിഐയ്ക്കെതിരെ നടപടി സ്വീകരിച്ചെന്ന അവകാശവാദവുമായി സർക്കാർ രംഗത്തുവന്നത്. എന്നാൽ മോഹൻദാസ് ഉൾപ്പെടെ 29 സിഐമാരെ സ്ഥലംമാറ്റി കഴിഞ്ഞ മേയ് മുപ്പതിനാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്.

ഗണേഷ്കുമാർ യുവാവിനെ മർദിച്ച സംഭവമുണ്ടായതാകട്ടെ, രണ്ടാഴ്ചയ്ക്കുശേഷം കഴിഞ്ഞ 13നും. മോഹൻദാസിനു പകരം തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ ടി.സതികുമാറിനെ അഞ്ചലിലേക്കു മാറ്റിയെന്നും ഉത്തരവിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനു ഗണേഷ്കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പൊലീസ് തയാറായിരുന്നില്ല. തനിക്കു നീതി നിഷേധിക്കപ്പെട്ടുവെന്നു പറഞ്ഞ് അനന്തകൃഷ്ണന്റെ അമ്മ ഷീന കോടതിയിൽ രഹസ്യമൊഴി നൽകി. ഇതോടെ വെട്ടിലായ ആഭ്യന്തരവകുപ്പ് മുഖം രക്ഷിക്കാനാണ് പഴയ സ്ഥലംമാറ്റ ഉത്തരവ് പൊടിതട്ടിയെടുത്തു നിയമസഭയിൽ അവതരിപ്പിച്ചത്. മോഹൻദാസാകട്ടെ, സ്വന്തം ജില്ലയിലേക്കു സ്ഥലംമാറ്റത്തിനു ശ്രമിക്കുകയുമായിരുന്നു.