Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: പ്രവാസി മലയാളി പിടിയിൽ

krishnakumar-nair-pinarayi-vijayan

കൊച്ചി ∙ ഇന്റർനെറ്റ് മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ (48) പിടിയിൽ. ഇയാൾക്കെതിരെ വധഭീഷണി, വിഭാഗീയത വളർത്താനുള്ള ശ്രമം, വിവരസാങ്കേതിക മാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

കൊച്ചി സിറ്റി പൊലീസിന്റെ സൈബർ പട്രോളിങ് വിഭാഗമാണു പ്രതിയുടെ കുറ്റകരമായ വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു സെൻട്രൽ പൊലീസിനു കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിനു പുറമെ കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്ന പരാമർശങ്ങളും പ്രതി പുറത്തുവിട്ട സ്വന്തം വിഡിയോയിലുണ്ട്.

സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാരനായിരുന്ന കൃഷ്ണകുമാറിനെ സംഭവത്തെ തുടർന്നു ജോലിയിൽ നിന്നു പിരിച്ചുവിട്ടു. സൗദി മലയാളി സംഘടനകളുടെ സഹായത്തോടെയാണ് ഇയാളെ നാട്ടിലെത്തിച്ചത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ ഇയാളെ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി തിഹാർ ജയിലിൽ റിമാൻഡ് ചെയ്തു.

അസി. കമ്മിഷണർ കെ. ലാൽജി, ഇൻസ്പെക്ടർ എ. അനന്തലാൽ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്ഐ മാണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രാൻസിറ്റ് വാറന്റിൽ പ്രതിയെ ഏറ്റുവാങ്ങി. വിദേശത്ത് ഒപ്പമുള്ളവരുടെ പ്രലോഭനത്തിനു വഴങ്ങിയാണു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന ലൈവ് വിഡിയോ പ്രചരിപ്പിച്ചതെന്നും അതിന്റെ നിയമപരമായ ഗൗരവ സ്വഭാവം അറിയില്ലായിരുന്നുവെന്നും കൃഷ്ണകുമാർ ഡൽഹി പൊലീസിനു മൊഴി നൽകി.

related stories