Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ നക്സൽ ഭീഷണിയില്ല: രാജ്നാഥ് സിങ്

Rajnath Singh

ന്യൂഡൽഹി∙ കേരളം പൂർണമായി ‘നക്സൽ രഹിത മേഖലയാണെന്ന്’ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേരളത്തിനു പുറമെ, തമിഴ്നാട്ടിലും കർണാടകയിലും നേരത്തെ ചില നീക്കങ്ങൾ നടന്നിരുന്നു. ഇവ പൂർണമായി അവസാനിപ്പിച്ചതായും നിലവിൽ മാവോയിസ്റ്റ് ഭീഷണിയില്ലെന്നും രാജ്‌നാഥ് സിങ് ‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നതല്ലാതെ കേരളം അടക്കമുള്ള മേഖലയിൽ യഥാർഥ നക്സൽ ഭീഷണിയില്ല. തീവ്ര ഇടതു പ്രവർത്തനങ്ങളിൽനിന്ന് ഇവിടം മോചിതമായെന്നു രാജ്‌നാഥ് സിങ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ ശുപാർശ ഉണ്ടോ എന്ന ചോദ്യത്തിന് തീരുമാനമെടുത്തിട്ടില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നുമായിരുന്നു മറുപടി. ഇതിനിടെ, കേരളത്തിൽ അക്രമങ്ങൾ ഇല്ലാതാക്കുന്ന കാര്യത്തിൽ വീഴ്ച പൂർണമായും സംസ്ഥാന സർക്കാരിന്റേതാണെന്നു രാജ്‌നാഥ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയോടു തന്നെ ഇക്കാര്യം പലതവണ സംസാരിച്ചു. പരമാവധി ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഐഎസിന്റെ കാര്യത്തിലും സംസ്ഥാനമാണു മറുപടി പറയേണ്ടത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് കിട്ടുന്ന വിവരങ്ങൾ കൈമാറുന്നുണ്ട്. കൂടുതൽ സഹായം ആവശ്യപ്പെട്ടാൽ അതിനും തയാറാണ്.

ജമ്മു കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവരാൻ ബിജെപി പരമാവധി ശ്രമിച്ചുവെന്നു മാത്രമായിരുന്നു പിഡിപിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി. ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ മരണത്തെക്കുറിച്ചുള്ള ചോദ്യത്തിനും സുരക്ഷ സംസ്ഥാനങ്ങളുടെ ചുമതലയെന്നായിരുന്നു ആവർത്തിച്ചുള്ള മറുപടി. കർണാടകയിൽ കോൺഗ്രസ് ഭരണത്തിലിരിക്കുമ്പോഴാണു ഗൗരി ലങ്കേഷ് മരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. (വിശദാംശങ്ങൾ ഈ ലക്കം ‘ദ് വീക്ക്’ വാരികയിൽ)

related stories