Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 കടന്നാൽ ഇനി എസ്എഫ്ഐക്ക് പുറത്ത്; കർശന നിർദേശം നൽകി സിപിഎം

P Biju

കൊല്ലം ∙ എസ്എഫ്ഐയിൽ ‘കൂട്ട പിരിച്ചുവിടൽ’ വരുന്നു. 25 വയസ്സിലെത്തിയവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നു സിപിഎം നേതൃത്വം സംഘടനയ്ക്കു കർശന നിർദേശം നൽകി. ഇതോടെ സംസ്ഥാന കമ്മിറ്റിയിൽ നിന്നു ഭൂരിഭാഗം പേരും ഒഴിവാകേണ്ടി വരും. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്നലെ കൊല്ലത്തു തുടക്കമാകുന്നതിനു മുന്നോടിയായാണു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പ്രായപരിധി സംബന്ധിച്ച നിർദേശം നൽകിയത്.

പാർട്ടി നിർദേശം കർശനമായി പാലിക്കപ്പെട്ടാൽ നിലവിലെ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, സെക്രട്ടറി എം.വിജിൻ ഉൾപ്പെടെ മാറേണ്ടി വരും. ജെയ്ക് പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയിലും വിജിൻ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും അംഗങ്ങളാണ്. നിലവിൽ 89 അംഗ സംസ്ഥാന കമ്മിറ്റിയാണ് എസ്എഫ്ഐയ്ക്കുള്ളത്. ഇതിനു പുറമെ 19 അംഗ സെക്രട്ടേറിയറ്റ് രൂപീകരിച്ചെങ്കിലും സജീവമല്ലാത്തവരെ ഒഴിവാക്കിയപ്പോൾ നിലവിൽ 14 പേരുണ്ട്.

575 പ്രതിനിധികളാണ് ഇക്കുറി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രായപരിധി സംബന്ധിച്ചു പാർട്ടിയുടെ നിർദേശം സമ്മേളനത്തിൽ സജീവ ചർച്ചയ്ക്കു വിഷയമാകും. കുറച്ചു പേർക്കെങ്കിലും ഇളവ് എന്ന ആവശ്യം ഉയർന്നാൽ നേതൃത്വം വിട്ടുവീഴ്ചയ്ക്കു തയാറാകേണ്ടി വന്നേക്കാം. കൂട്ട പിരിച്ചുവിടലും പുതിയ സംസ്ഥാന കമ്മിറ്റിയുടെ അംഗസംഖ്യയും ചർച്ചയ്ക്കെടുക്കുമ്പോൾ വാദപ്രതിവാദങ്ങൾ കടുക്കുമെന്നാണു സൂചന.