Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയുടെ ചതി; മാസത്തവണ നൽകാൻ ജീവനക്കാരിൽനിന്നു പിടിച്ച 15 കോടി അടച്ചില്ല

ksrtc-bus

കൊച്ചി ∙ കഴിഞ്ഞ സാമ്പത്തിക വർഷം കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിൽനിന്നു വിവിധ സ്ഥാപനങ്ങളിലെ മാസത്തവണകൾ അടയ്ക്കാനായി പിടിച്ച 15 കോടിയിലേറെ രൂപ അടച്ചിട്ടില്ലെന്നു ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിൽ ആരോപിച്ചു. ഇങ്ങനെ ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക വകമാറ്റരുതെന്നു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെ‍‍ഡറേഷനും ഏതാനും അംഗങ്ങളും സമർപ്പിച്ച ഹർജിയിൽ കോടതി വിശദീകരണം തേടി.

കെഎഫ്സി, കെഎസ്എഫ്ഇ, സഹകരണ സംഘങ്ങൾ, പിഎഫ്, എൻപിഎസ്, എൽഐസി തുടങ്ങിയ സ്ഥാപനങ്ങളിൽ മാസഗഡു അടയ്ക്കാനാണു ജീവനക്കാരുടെ ശമ്പളത്തിൽനിന്നു തുക പിടിക്കുന്നത്. എന്നാൽ, കെസ്ആർടിസി ഈ തുക യഥാസമയം അതതു സ്ഥാപനങ്ങളിൽ അടയ്ക്കാത്തതു മൂലം അംഗങ്ങൾക്കു പലിശയും പിഴപ്പലിശയും നൽകേണ്ട സ്ഥിതിയാണ്.

ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക ഏഴു ദിവസത്തിൽ കൂടുതൽ പിടിച്ചുവയ്ക്കാനോ എന്താവശ്യത്തിനു വേണ്ടിയായാലും വകമാറ്റാനോ കെഎസ്ആർടിസിക്ക് അധികാരമില്ല. പിടിച്ച തുക പലിശയും പിഴപ്പലിശയും സഹിതം അതതു ധനസ്ഥാപനങ്ങളിൽ അടയ്ക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം. തുക അടയ്ക്കുന്ന കാര്യത്തിൽ ജീവനക്കാർ അധികൃതർക്കു നൽകിയ നിവേദനത്തിലും നടപടിയില്ലെന്നും ഹർജിയിൽ പറയുന്നു. കേസ് 28നു പരിഗണിക്കാൻ മാറ്റി.

∙ 2017–18 ൽ അടയ്ക്കേണ്ടത് 15,17,66,000 രൂപ

വിവിധ ഇനങ്ങളിൽ 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വരെ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പിടിച്ച 15,17,66,000 രൂപ അതതു സ്ഥാപനങ്ങളിൽ അടച്ചിട്ടില്ലെന്ന കണക്ക് ഹർജിക്കാർ ബോധിപ്പിച്ചു.

സഹകരണ സംഘങ്ങളിൽ അടയ്ക്കേണ്ടത്– 1,20.24,000 രൂപ

കെഎസ്ആർടിസി സംഘങ്ങളിൽ– 7,91,27,000 രൂപ

കെടിഡിഎഫ്സിയിൽ– 20,78,000 രൂപ

കെഎസ്എഫ്ഇയിൽ– 67,97,000 രൂപ

എൽഐസിയിൽ അടയ്ക്കേണ്ടത് (2017 ഒക്ടോബർ മുതൽ ’18 മാർച്ച് വരെ)– 5,12,96,000 രൂപ

related stories