Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലശാപം യുഡിഎഫിന്, വിജയം ബാലന്

A.K. Balan

യുഡിഎഫിനു ബാലശാപം കിട്ടുമെന്നാണു വ്യത്യസ്തനായ മന്ത്രി എ.കെ.ബാലൻ പറയുന്നത്. ബാലശാപം കിട്ടിയവരുടെ കാര്യം വളരെ കഷ്ടമായിരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. പഞ്ചായത്തീരാജ്(രണ്ടാം ഭേദഗതി) ബില്ലിന്റെ ചർച്ചയിലാണു മന്ത്രി ‘സ്റ്റാറ്റ്യൂട്ടറി വാണിങ്’ നൽകിയത്. 

ബാലശാപത്തിനു വഴിതെളിച്ച സംഭവം അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ ആദ്യമായി ജില്ലാ കൗൺസിലുകൾ വന്നപ്പോൾ പാലക്കാട്ട് എ.കെ.ബാലൻ, കണ്ണൂരിൽ ടി.കെ.ബാലൻ, കോഴിക്കോട്ട് കെ.ബാലൻ എന്നിവരായിരുന്നു പ്രസിഡന്റുമാർ. ’91ൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ജില്ലാ കൗൺസിലുകൾ പിരിച്ചുവിട്ടു. അന്ന് അതിനെതിരായി പാലക്കാട്ടു നടത്തിയ സമ്മേളനത്തിൽ പ്രസംഗിച്ച സുകുമാർ അഴീക്കോട് ഇതിനെ ബാലവധം എന്നാണത്രേ വിശേഷിപ്പിച്ചത്. യുഡിഎഫിനു കിട്ടിയ ബാലശാപത്തിന്റെ ഫലമാണോ എ.കെ.ബാലൻ രണ്ടുവട്ടം മന്ത്രിയായതെന്നു വ്യക്തമല്ല. അങ്ങനെയെങ്കിൽ ആട്ടക്കഥയുടെ പേർ ബാലവിജയമെന്നു തിരുത്തേണ്ടി വരും.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കു സ്വത്തുവിവരം പ്രഖ്യാപിക്കാനുള്ള കാലാവധി 30 മാസത്തേക്കു നീട്ടുന്നതാണു ബില്ലിന്റെ സത്ത. എന്നാൽ ഇതുവരെ പ്രഖ്യാപിക്കാതിരുന്നവർ അയോഗ്യരായിക്കഴിഞ്ഞതിനാൽ ബിൽ നിയമപരമായി നിലനിൽക്കില്ലെന്നു കെ.എം.മാണി തടസ്സവാദമുന്നയിച്ചു. ഇതു ചെയ്യേണ്ടതു ബിൽ പരിഗണിക്കുന്ന ഘട്ടത്തിലാണെന്നും സബ്ജക്ട് കമ്മിറ്റി പരിഗണിച്ചു ബിൽ പാസാക്കുന്ന വേളയിലല്ലെന്നും മന്ത്രി ബാലൻ പറഞ്ഞപ്പോൾ സ്പീക്കറുടെ റൂളിങ് അതിന് അനുകൂലമായി. 

പി.സി.ജോർജ് അദ്ഭുതങ്ങളുടെ കലവറയാണ്. മാണിയുടെ വാദത്തിനു പിൻബലം നൽകുകയാണ് അദ്ദേഹം ചെയ്തത്. മാണിയും ജോർജും യോജിച്ചതോടെ ബിൽ പിൻവലിക്കുകയാണു മന്ത്രി ചെയ്യേണ്ടതെന്നു പി.ഉബൈദുള്ള നിർദേശിച്ചു. താൻ നിയമസഭയിലേക്കു കടന്നുവന്നതു 100 ശതമാനം സ്വതന്ത്രനായാണെന്നും തനിക്ക് ഏതു കാര്യത്തോടും യോജിക്കാനും വിയോജിക്കാനും വോട്ട് ചെയ്യാതെ വിട്ടുനിൽക്കാനും സ്വാതന്ത്ര്യമുണ്ടെന്നും പ്രഖ്യാപിച്ച ജോർജ് താനൊരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക് ആണെന്നു പറയാതെ പറഞ്ഞു. ആലുവയിൽ മാത്രമല്ല, പൂഞ്ഞാറിലും സ്വതന്ത്ര റിപ്പബ്ലിക് ഉണ്ടെന്നു ചുരുക്കം. 

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്നത്തെ റൂറൽ എസ്പിയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു വി.ഡി.സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് ഉപക്ഷേപമായി ഉന്നയിക്കാനേ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുവദിച്ചുള്ളൂ. പ്രശ്നം ഗൗരവത്തോടെ തന്നെ സതീശൻ അവതരിപ്പിച്ചു. മറുപടിക്കിടെ മാധ്യമങ്ങൾക്കു മുഖ്യമന്ത്രി വക നല്ല കുത്തു കിട്ടി: ചില മാധ്യമങ്ങൾ എന്തും വിളിച്ചു പറയാൻ തയാറായി നടക്കുകയാണ്. അതെല്ലാം സത്യമായിരിക്കണമെന്നില്ല. 

എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടില്ലെന്ന് എം.നൗഷാദ് ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം അബദ്ധമൊന്നും പറ്റില്ലെന്നു പി.കെ.ബഷീർ തറപ്പിച്ചു പറഞ്ഞു. റസിയ ബഷീറിന്റെ ഭാര്യയാണെന്നു നൗഷാദോ ബഷീറോ പറഞ്ഞില്ല. 

പി.ഉബൈദുല്ലയ്ക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തെല്ലും താൽപര്യമില്ല. നിർബന്ധിത സാഹചര്യങ്ങളിൽ മൽസരിക്കേണ്ടി വരുന്നതാണ്. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടു കടുവ നരഭോജിയാകുന്നതു പോലെയാണ് അദ്ദേഹം എംഎൽഎയാകുന്നതെന്നു ചുരുക്കം. അടുത്ത പ്രാവശ്യമെങ്കിലും ആരും നിർബന്ധിക്കാതിരുന്നാൽ ഉബൈദുല്ലയ്ക്കു മനഃസമാധാനം കിട്ടും.

ഇന്നത്തെ  വാചകം

വി.ഡി.സതീശൻ: വരാപ്പുഴയിൽ പൊലീസ് കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ വീട്ടിൽ പോയപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. ശ്രീജിത്തിന്റെ മൂന്നു വയസ്സുള്ള മകൾ ചോദിച്ചത് ‘മഴ പെയ്യുന്നുണ്ടല്ലോ, അച്ഛൻ നനയില്ലേ’ എന്നായിരുന്നു.