Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ വേതനം: വിജ്ഞാപനം നടപടിക്രമം പാലിച്ചെന്നു സർക്കാർ

nurse-2

കൊച്ചി ∙ സ്വകാര്യ ആശുപത്രി നഴ്സുമാർക്കു മിനിമം വേതനം നിശ്ചയിച്ച് അന്തിമ വിജ്ഞാപനമിറക്കിയ നടപടിയിൽ അപാകതകളില്ലെന്നും മിനിമം വേതന നിയമത്തിലെ നടപടിക്രമങ്ങൾ പാലിച്ചതാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കമ്മിറ്റി രൂപീകരിച്ചും മധ്യസ്ഥതാ ശ്രമങ്ങൾ നടത്തിയും പൊതുഹിയറിങ് നടത്തിയുമാണു നടപടികൾ പൂർത്തിയാക്കിയത്. 

അഭിപ്രായ സമന്വയത്തിലൂടെ തീരുമാനമെടുക്കാൻ സർക്കാർ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ മാത്രമാണ് അന്തിമ ഉത്തരവിറക്കിയതെന്നും അറിയിച്ചു. നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിച്ച വിജ്ഞാപനത്തിനെതിരെ അസോസിയേഷൻ ഓഫ് ഹെൽത്ത് പ്രൊവൈഡേഴ്സ് സമർപ്പിച്ച ഹർജിയിലാണു തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി സി.ജി. ഷിജയുടെ വിശദീകരണം. 

1980 മുതൽ മിനിമം വേതനം പുതുക്കിയ സാഹചര്യങ്ങളിലെല്ലാം ബന്ധപ്പെട്ടവർ ചോദ്യം ചെയ്തിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു. ഇത്തവണ മിനിമം വേതന നിർണയത്തിന് നടപടി ആരംഭിച്ചപ്പോൾ മുതൽ ഹർജികള്‍ വന്നിട്ടുണ്ട്. അന്തിമവിജ്ഞാപനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി നിർദേശപ്രകാരം മധ്യസ്ഥതാ ശ്രമം നടത്തിയതു പരാജയപ്പെട്ടു. പിന്നീട് സർക്കാർ തലത്തിൽ മധ്യസ്ഥതയ്ക്കു ശ്രമം നടത്തിയതും ഫലം കണ്ടില്ല. ചർച്ച പരാജയപ്പെട്ടതു കോടതിയെ അറിയിച്ചപ്പോൾ നിയമപ്രകാരം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാൻ അനുമതി നൽകിയിരുന്നു. 

മിനിമം വേതന ഉപദേശക ബോർഡ് തിരുവനനന്തപുരത്തും എറണാകുളത്തും കൊല്ലത്തും പൊതുഹിയറിങ് നടത്തി.