Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡിജിപിയുടെ പരാതി: ഗാവസ്കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

gavaskar

കൊച്ചി ∙ എഡിജിപി സുദേഷ്കുമാറിന്റെ മകളുടെ പരാതിയിൽ പൊലീസ് ഡ്രൈവർ ഗാവസ്‌കറെ അറസ്റ്റ് ചെയ്യുന്നതു ജൂലൈ നാലു വരെ ഹൈക്കോടതി തടഞ്ഞു. കേസ് റദ്ദാക്കാൻ ഗാവസ്‌കർ സമർപ്പിച്ച ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി. ഗാവസ്കർ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിന്റെയും എഡിജിപിയുടെ മകൾ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിന്റെയും അന്വേഷണ ഡയറികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഹർജി ജൂലൈ നാലിനു വീണ്ടും പരിഗണിക്കും.

എഡിജിപിയുടെ ഭാര്യയെയും മകളെയും ജൂൺ 14നു പ്രഭാത സവാരിക്കായി കനകക്കുന്നിലേക്കു കൊണ്ടുപോയ പൊലീസ് ഡ്രൈവർ ഗാവസ്‌കറെ മകൾ മർദിച്ചതാണു കേസിന്റെ തുടക്കം. ഗുരുതരമായി പരുക്കേറ്റ ഗാവസ്കർ ചികിൽസയിലാണ്. മകൾ അസഭ്യം പറഞ്ഞതായി ജൂൺ 13നു ഗാവസ്കർ എഡിജിപിയോടു പരാതി പറഞ്ഞിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന ഗാവസ്കറുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ഗാവസ്കർ മോശമായി പെരുമാറിയെന്നാരോപിച്ച് എഡിജിപിയുടെ മകൾ നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനു ഗാവസ്കർക്കെതിരെയും കേസെടുത്തു. ഇൗ കേസ് റദ്ദാക്കാനാണു ഗാവസ്കർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.