Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളക്കരം വർധിപ്പിക്കില്ലെന്നു മന്ത്രി

Mathew T. Thomas

തിരുവനന്തപുരം∙ നിലവിലെ വെള്ളക്കരത്തിൽ വർധന ഉദ്ദേശിക്കുന്നില്ലെന്നും സാധിക്കുമെങ്കിൽ നിരക്കു കുറയ്ക്കാനാണു സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി മാത്യു ടി.തോമസ് നിയമസഭയിൽ അറിയിച്ചു. 2018 ലെ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) ബില്ലിന്മേൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ജലസ്രോതസുകൾ മലിനമാക്കുന്നവർക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതിനുളള നിയമഭേദഗതി പാസാക്കി. മൂന്നുവർഷം വരെ തടവും രണ്ടുലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ വിധിക്കുന്നതിനുളള ബിൽ അംഗീകരിച്ചു. കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ നിയമത്തിലാണു ഭേദഗതി വരുത്തിയത്.

ഡാം സേഫ്റ്റി അതോറിറ്റിയുടെ യോഗത്തിനുള്ള ക്വോറം 50% ആയിരിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തു. 11 അംഗങ്ങളുള്ള സമിതിയിൽ ക്വോറം തികയാൻ നാല് പേർ മതിയെന്നായിരുന്നു ഭേദഗതിയിലെ നിർദേശമെങ്കിലും അഞ്ചാക്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഒരുമിച്ചു ചേർക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണു ഭേദഗതി. ബില്ലുകൾ ഓർഡിനൻസായി നിലവിൽ പ്രാബല്യത്തിലുണ്ട്. തിരുവനന്തപുരം നഗരത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിന് 210 കോടിരൂപ ചെലവഴിച്ച് നെയ്യാർ ഡാമിൽ നിന്നു ശുദ്ധജലം എത്തിക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.