Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റർ ആരംഭിക്കും: മുഖ്യമന്ത്രി

pinarayi-new

തിരുവനന്തപുരം∙ കേരളത്തിൽ രാജ്യാന്തര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റർ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗയുടെ ഔന്നത്യം മറ്റൊരു വ്യായാമത്തിനുമില്ല. എന്നാൽ അനാവശ്യമായ മതപരിവേഷങ്ങൾ ചാർത്തിക്കൊടുത്തു യോഗയെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ട്.

യോഗ ചെയ്യുമ്പോൾ ഋഗ്വേദത്തിലെ ചില ശ്ലോകങ്ങൾ ചൊല്ലണമെന്നൊക്കെയാണു ചിലരുടെ വാദം. ഋഗ്വേദത്തിനുമുന്നേ ഭാരതത്തിൽ യോഗ പ്രചാരത്തിലുണ്ടായിരുന്നുവെന്നാണു ചരിത്രം . യോഗ പ്രത്യേക മതത്തിന്റെ സ്വന്തമാണെന്നു സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്. മതാതീത വ്യായാമമുറയായ യോഗയെ ഹൈജാക്ക് ചെയ്തു മറ്റുള്ളവർക്ക് അന്യമാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, വി.എസ്.ശിവകുമാർ എംഎൽഎ എന്നിവർ പങ്കെടുത്തു.

∙ രാജ്ഭവനിൽ ഗവർണർ പി.സദാശിവത്തിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനം നടത്തി. ജീവനക്കാരും പങ്കെടുത്തു. ഡോ. പ്രകാശ് രാമകൃഷ്ണൻ നേതൃത്വം നൽകി.

∙ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മാനവീയം വീഥിയിലും തോന്നയ്ക്കൽ സായിഗ്രാമിലും യോഗാദിനാചരണങ്ങൾക്കു നേതൃത്വം നൽകി.

∙ കാര്യവട്ടം സായി എൽഎൻസിപിഇയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ 2000 പേർ പങ്കെടുത്തു. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയിൽ മൂവർണ മാനവ ഇന്ത്യയും അവതരിപ്പിച്ചു.

∙ പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി യോഗാഭ്യാസ പരിപാടികൾ നടന്നു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഡിജിപി: ലോക്‌നാഥ് ബെഹ്റ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ‌സ്‌മിതാ അഗർവാൾ നേതൃത്വം നൽകി.

related stories