Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറിവുണക്കി നീങ്ങാൻ സിപിഎം– സിപിഐ കേന്ദ്ര നിർദേശം; പിണറായി–കാനം–കോടിയരി ചർച്ച തുടങ്ങി

Pinarayi Vijayan, Kanam Rajendran

തിരുവനന്തപുരം∙ കെ.എം.മാണിയെച്ചൊല്ലിയുള്ള പോരിനു പ്രസക്തിയില്ലാതായതോടെ സിപിഎം–സിപിഐ ബന്ധം മെച്ചപ്പെടുത്താൻ ഇരു പാർ‍ട്ടികളും തീവ്രശ്രമം തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പു പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്ത് ഒരുമിച്ചു നീങ്ങാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്നു കേന്ദ്ര നേതൃത്വങ്ങൾ സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടു. ഇരു നേതൃത്വവും നിരന്തരം ആശയവിനിമയം നടത്തണമെന്നാണു നിർദേശം. 

ഇതിനു തുടക്കമിട്ടു സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും കഴിഞ്ഞദിവസം ചർച്ച നടത്തി. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻതന്നെ കാനത്തെ കണ്ടു. ഈ 28നു വീണ്ടും മുഖ്യമന്ത്രിയും കാനവും തമ്മിൽ കാണും. തുടർന്നു കോടിയേരികൂടി പങ്കെടുത്തുള്ള ചർച്ചയ്ക്കും സാധ്യതയുണ്ട്. 

ഈ പ്രക്രിയ തുടർച്ചയായി നടത്തണമെന്നാണു തീരുമാനം. ഇടതു സർക്കാർ അധികാരമേറ്റ സമയത്തു മുഖ്യമന്ത്രികൂടി പങ്കെടുത്തുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഇരു പാർട്ടികളും തീരുമാനിച്ചുവെങ്കിലും അദ്ദേഹവും കാനവും ഏറെ അകന്നതോടെ ഇതു നടന്നില്ല. സർക്കാരിന്റെയും സിപിഎമ്മിന്റെയും നിശിത വിമർശകരായി സിപിഐയും കാനവും മാറുന്ന സാഹചര്യമുണ്ടായി. മാണിയെ എൽഡിഎഫിന്റെ ഭാഗമാക്കാനുള്ള നീക്കത്തിനെതിരെ സിപിഐ നിലയുറപ്പിച്ചതോടെ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം തീർത്തും വഷളായി. 

പൊടുന്നനെ മാണി യുഡിഎഫിലേക്കു തിരിച്ചുപോയതോടെ പ്രധാന തർക്ക പ്രശ്നം ഇല്ലാതായിരിക്കുന്നു. മുറിവുണക്കാനും ഐക്യം ശക്തമാക്കാനുമുള്ള അവസരമായി ഇത് ഉപയോഗിക്കാനാണു നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മാണി യുഡിഎഫിലേക്കു മടങ്ങിയതു തങ്ങളുടെ രാഷ്ട്രീയ വിജയമായി കാണുന്നെങ്കിലും അതു ചൂണ്ടിക്കാട്ടി സിപിഎമ്മിനെ പ്രകോപിപ്പിക്കാൻ സിപിഐ തുനിയാതിരുന്നത് ഈ സാഹചര്യത്തിലാണ്. 

നെൽവയൽ–തണ്ണീർത്തട ഭേദഗതി ബില്ലിലെ വിവാദ ഭേദഗതിയിൽ സിപിഐ ഇടപെട്ടപ്പോൾ സിപിഎം വഴങ്ങിയതും പിന്നീടു പ്രതിപക്ഷം പ്രതിഷേധം തുടർന്നപ്പോൾ ഒരുമിച്ചു നിന്നതും നേതാക്കളുടെ ആശയവിനിമയത്തെത്തുടർന്നായിരുന്നു. 

ഭിന്നത വളർത്താൻ നീക്കമെന്ന് ആക്ഷേപം

ഭിന്നത വളർത്താനുള്ള നീക്കങ്ങൾ ചില കോണുകളി‍ൽ നടക്കുന്നുവെന്ന ആക്ഷേപം ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന നിർവാഹക സമിതിയിലുണ്ടായി. സിപിഐയുടെ കൃഷി, ഭക്ഷ്യവകുപ്പുകളിൽ സിപിഎമ്മിന്റെ സഹകരണ വകുപ്പ് കൈകടത്തുന്നുവെന്ന പ്രതിഷേധമാണുണ്ടായത്. ഭരണരംഗത്തു സിപിഐയെ തഴയുന്ന, അല്ലെങ്കിൽ സിപിഎം കൈകടത്തുന്ന ചില അനുഭവങ്ങൾ കൂടി യോഗത്തിൽ ചിലർ പരാമർശിച്ചു.

ഇക്കാര്യം മുഖ്യമന്ത്രിയുമായുള്ള അടുത്ത കൂടിക്കാഴ്ചയിൽ സിപിഐ ഉന്നയിക്കും. പാർട്ടി സെക്രട്ടറിമാർ തമ്മിലുള്ള ആശയവിനിമയങ്ങൾ മുൻകാലങ്ങളിലുമുണ്ടെങ്കിലും മുഖ്യമന്ത്രിയും സിപിഐ സെക്രട്ടറിയും തമ്മിലുള്ള സമ്പർക്കം പുതിയ രീതിയാണ്.