കാടിറങ്ങിയ കൊമ്പന്മാരിൽ രണ്ടെണ്ണം വീണ്ടും ഭാരതപ്പുഴയിൽ

വെള്ളത്തിലെന്തുകാട്ടാനാ...: പാലക്കാട് ഭാരതപ്പുഴയിൽ പറളിക്കടവിലിറങ്ങിയ കാട്ടാനകൾ. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

പറളി (പാലക്കാട്) ∙ നാടിനെ ഭയപ്പെടുത്തി കാടിറങ്ങിയ കൊമ്പന്മാരിൽ രണ്ടെണ്ണം പകൽ മുഴുവൻ പറളി പുഴയോരത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും തമ്പടിച്ചു. വനപാലകരും പൊലീസും ഏറെ ശ്രമപ്പെട്ടാണ് 16 മണിക്കൂറിനു ശേഷം ഇവയെ ജനവാസ കേന്ദ്രത്തിൽ നിന്ന് അകറ്റിയത്. എന്നാൽ മുണ്ടൂരിൽ ഒരാളെ കൊലപ്പെടുത്തിയ, ചുരുളിക്കൊമ്പൻ ഇക്കൂട്ടത്തിൽ ഇല്ലെന്നു വനം ഉദ്യോഗസ്ഥർ പറഞ്ഞു.  മുണ്ടൂർ വള്ളിക്കോടു ഭാഗത്തു നിന്നെത്തിയ കാട്ടാനകൾ വെള്ളി പുലർച്ചെ ഒരു മണിയോടെ വഴക്കുപാറ മുസ്‍ലിം പള്ളിക്കു സമീപത്തു നിന്നു തിരിഞ്ഞ് മലമ്പള്ളയിലെത്തുകയായിരുന്നു. 

കളതൊടി വഴി മാണ്ടേക്കാട് എൽപി സ്കൂൾ മുൻവശത്തെത്തിയ ആനകൾ ചെമ്മിണികാവ് പാടശേഖരത്തിലൂടെ റെയിൽ കടന്നു ഭാരതപ്പുഴയിലിറങ്ങി. 

രാവിലെ പത്തര വരെ പുഴയിൽ സുഖ നീരാട്ടിലായിരുന്നു. വനപാലകർ പടക്കം പൊട്ടിച്ചു തുരത്താൻ ശ്രമിക്കുന്നതിനിടെ പുഴയിൽ നിന്നു കയറിയ ആനകൾ വൈദ്യുതി സെക്‌ഷൻ ഓഫിസിനു സമീപത്തെ ബ്രാഹ്മണ ശ്മശാനത്തിൽ  നിലയുറപ്പിച്ചു. തുടർച്ചയായി പെയ്യുന്ന പെരുമഴ ആനയെ തുരത്താനുള്ള ശ്രമങ്ങൾക്കു വെല്ലുവിളിയായി.  ഉച്ചയ്ക്ക് രണ്ടോടെ വീണ്ടും തുരത്താൻ ശ്രമം തുടങ്ങി. 

പടക്കവും ഗുണ്ടും റോക്കറ്റുമെറിഞ്ഞതോടെ ആന റെയിൽവേ സ്റ്റേഷനു സമീപത്തേയ്ക്ക് കയറി. ഇവിടെ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടിരുന്നതിനാൽ പാളത്തിനു സമീപം നിലയുറപ്പിച്ചു. ട്രെയിൻ പോയതോടെ പാലക്കാട്–ഷൊർണൂർ റെയിൽപാത കടന്നു വയലിലെത്തി. തുടർന്ന് ആറുപുഴ, കോട്ടപ്പള്ളം വഴി വൈകിട്ടു വള്ളിക്കോട് മലയിൽ ആനകളെത്തി. ആനപ്പേടി മൂലം പറളി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങൾക്കു ഇന്നലെ അവധി നൽകിയിരുന്നു.