Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രി; പ്രധാനമന്ത്രിയുടെ അവഗണന നിസ്സാരമായി കാണില്ല

Pinarayi Vijayan

ന്യൂഡൽഹി∙ കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ അവഗണനയിൽ പരസ്യമായി പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു അവഗണന ആദ്യമാണെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സംസ്ഥാനത്തോടുള്ള അനാദരത്തെ നിസ്സാരമായി കാണില്ലെന്നു തുറന്നടിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തെക്കുറിച്ച് അറിയിക്കാൻ വിളിച്ച മാധ്യമസമ്മേളനത്തിലാണു പിണറായി പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

തുടർച്ചയായ രണ്ടാം തവണയും സന്ദർശനാനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. നിതി ആയോഗ് യോഗത്തിൽ കണ്ടപ്പോൾ കണ്ണൂർ വിമാനത്താവളത്തിന്റെ അടക്കം കാര്യങ്ങളെക്കുറിച്ചു അനുകൂലമായി സംസാരിച്ചു. എന്നാൽ, കേരളത്തിന്റെ പൊതുആവശ്യങ്ങളറിയിക്കാൻ ഔദ്യോഗിക സന്ദർശനാനുമതി ചോദിച്ചപ്പോൾ നിഷേധിച്ചു. ഇത് അവരുടെ രാഷ്ട്രീയ നയത്തിന്റെ ഭാഗമായി കരുതണം.

റേഷൻ വിഹിതത്തിന്റെ കാര്യത്തിൽ നയപരമായ തീരുമാനം വേണ്ടതുകൊണ്ടാണു പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയത്. സർവകക്ഷി യോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്. രണ്ടുതവണയും വകുപ്പുമന്ത്രിയെ കാണാൻ നിർദേശിച്ചു. ഇതു നേരത്തേ ചെയ്തതാണ്. അദ്ദേഹത്തിനു മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന നിസ്സഹായാവസ്ഥ പറഞ്ഞൊഴിയുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്രത്തിന്റെ പല നയങ്ങളും കേരളത്തിലെ പല മേഖലകളെയും തകർക്കുന്നു. ഫലപ്രദമായ സഹായം ഇത്തരം കാര്യങ്ങളിൽ കിട്ടുന്നില്ല. കേന്ദ്രനയങ്ങളിലെ തൊഴിലാളിവിരുദ്ധ സമീപനം നാടിന്റെ വളർച്ചയ്ക്കു തടസ്സമായി മാറുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കം അടക്കം ഇതിന്റെ സൂചനയായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ നടപടികൾ സമൂഹത്തിന്റെ മൊത്തം ഉന്നമനത്തിന് ഉതകുന്നതല്ല. ഇതു തിരിച്ചറിഞ്ഞു ബദൽ വികസനനയം രൂപപ്പെടുത്താനാണു കേരള സർക്കാർ ശ്രമിക്കുന്നത് – പിണറായി വ്യക്തമാക്കി.

അവഗണന തുടർക്കഥ

മുഖ്യമന്ത്രി പിണറായിക്കു പ്രധാനമന്ത്രി സന്ദർശനാനുമതി നിഷേധിച്ചത് നാലുതവണ:

∙ 2018 ജൂൺ 22: റേഷൻ വിഹിതത്തിന്റെ കാര്യത്തിന്

∙ 2018 ജൂ‍ൺ 17: റേഷൻ പ്രശ്നം സംസാരിക്കാൻ

∙ 2017: വരൾച്ചസഹായം തേടി

∙ 2016: നോട്ടുനിരോധനത്തെ തുടർന്നു സഹകരണബാങ്ക് പ്രതിസന്ധി അറിയിക്കാൻ

related stories