Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുവിദ്യാഭ്യാസ–ഹയർസെക്കൻഡറി ലയനം: ശുപാർശ മൂന്നു മാസത്തിനകം

Class room

തിരുവനന്തപുരം∙ പൊതു വിദ്യാഭ്യാസവും ഹയർസെക്കൻഡറിയും ലയിപ്പിക്കുന്നതു സംബന്ധിച്ചു ഡോ.എം.എ.ഖാദർ അധ്യക്ഷനായ മൂന്നംഗ സമിതി മൂന്നു മാസത്തിനകം സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. ഇതിലെ നിർദേശങ്ങൾ സംബന്ധിച്ച് അധ്യാപക, അനധ്യാപക സംഘടനകളുമായി ധാരണയുണ്ടാക്കിയിട്ടേ ലയനം നടപ്പാക്കൂവെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിവിധ സംഘടനകളുടെ അഭിപ്രായം അറിയുന്നതിനു ഖാദർ കമ്മിറ്റി രണ്ടു തവണ ഹിയറിങ് നടത്തി. കമ്മിറ്റി ഒരു തവണ യോഗം ചേർന്നു പ്രാഥമിക ചർച്ചയും നടത്തി. 

കടമ്പകൾ

പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിനു കീഴിൽ എഇഒ, ഡിഇഒ, ഡിഡി എന്നീ പദവികളും ഹയർ സെക്കൻഡറിയിൽ മേഖലാ ഡപ്യൂട്ടി ഡയറക്ടർ പദവിയുമുണ്ട്. ഇതു ലയിപ്പിക്കുമ്പോൾ ജില്ലാ തലത്തിൽ ഒരു ഓഫിസറേ ഉണ്ടാകൂ. ഡിഇഒമാരുടെയും മേഖലാ ഡപ്യൂട്ടി ഡയറക്ടർമാരുടെയും തലത്തിൽ എന്തു സംവിധാനമാണ് ഉണ്ടാവുകയെന്ന് ഇനി തീരുമാനിക്കണം. 

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഒരു ബോർഡിനു കീഴിലേക്കു മാറ്റുമ്പോഴും ജീവനക്കാരെ മാറ്റിനിയമിക്കുമ്പോഴും ഒട്ടേറെ തടസ്സങ്ങൾ ഉയരാം. സ്കൂളിലെ മേധാവി പ്രിൻസിപ്പലായി മാറുമ്പോൾ ഹൈസ്കൂൾ അധ്യാപകർക്കു ഹെഡ്മാസ്റ്റർ പദവി നഷ്ടപ്പെടും.

അധ്യാപകരുടെ സർവീസ് പ്രശ്നം, ഓഫിസുകൾ ലയിപ്പിക്കുമ്പോൾ നിലവിലുള്ള ഓഫിസർമാരെയും ജീവനക്കാരെയും മാറ്റിനിയമിക്കൽ, പ്രമോഷൻ സാധ്യതകളിലുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം മറികടന്നു വേണം ലയനം യാഥാർഥ്യമാക്കാൻ. തുടർന്നു പുതിയ സംവിധാനത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനു സ്പെഷൽ റൂൾ ഭേദഗതി ചെയ്യണം.

എസ്എസ്എ – ആർഎംഎസ്എ ലയനം: ജീവനക്കാർ കുറഞ്ഞേക്കും

ദേശീയ തലത്തിൽ സർവശിക്ഷാ അഭിയാനും (എസ്എസ്എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആർഎംഎസ്എ) ലയിപ്പിച്ചു സമഗ്ര ശിക്ഷാ അഭിയാൻ (എസ്എസ്എ) രൂപീകരിച്ചതോടെ ഒന്നു മുതൽ 12 വരെ പുതിയ എസ്എസ്എയുടെ കീഴിലായി. ലയനം കേരളത്തിലും നടപ്പാക്കിയ സാഹചര്യത്തിൽ ഇനി ഒരു ജില്ലാ ഓഫിസറേ ഉണ്ടാവൂ. പഴയ എസ്എസ്എയുടെ ഓഫിസുകളായിരിക്കും പുതിയ എസ്എസ്എയ്ക്ക് ഉപയോഗിക്കുക. കുറേ ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും.