Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

70 ലക്ഷത്തിന്റെ സ്വർണക്കടത്ത്: രണ്ടു പേർ പിടിയിൽ

niyas-anwar നിയാസ്, അൻവർ

കൊച്ചി ∙ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.32 കിലോഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) യൂണിറ്റ് പിടികൂടി. സ്വർണം വിദേശത്തു നിന്നു കൊണ്ടുവന്ന യാത്രക്കാരനും അത് വിമാനത്താവളത്തിനു പുറത്തേക്കു കടത്താനുള്ള ശ്രമത്തിനിടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം ജീവനക്കാരനും പിടിയിലായി. 70 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.

ഇന്നലെ ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി കുറ്റിയിൽ താഴത്ത് മുഹമ്മദ് നിയാസ് (25) ആണ് ഹാൻഡ് ബാഗിൽ ഒളിപ്പിച്ചു സ്വർണം കടത്തിയത്. വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങിവരുന്ന എയറോബ്രിജിൽ കാത്തുനിന്ന, ഗ്രൗണ്ട് ഹാൻഡ് ലിങ് ഏജൻസിയായ ബിഡബ്ല്യുഎഫ്എസിന്റെ ജീവനക്കാരൻ കാസർകോട് സ്വദേശി അൻവർ അബൂബക്കർ (26) നിയാസിൽ നിന്നു ബാഗു വാങ്ങി സൂക്ഷിക്കുകയായിരുന്നു.  

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇരുവരുടെയും നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്ന ഡിആർഐ ഉദ്യോഗസ്ഥർ കയ്യോടെ ഇരുവരെയും പിടികൂടി. സ്വർണക്കട്ടികൾ കറുത്ത ഇൻസുലേഷൻ ടേപ്പ് ചുറ്റി പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് സൂക്ഷിച്ചിരുന്നത്. അതേസമയം അൻവർ നിരന്തരം ഇത്തരത്തിൽ സ്വർണം കടത്തുന്നുവെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് ഇയാളുടെ അത്താണിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 5.5 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. 

ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾക്കു മുമ്പാണ് നിയാസ് ബാഗ് അൻവറിന് കൈമാറിയത്. പരിശോധനകൾ കഴിഞ്ഞ് നിയാസ് പുറത്തിറങ്ങുമ്പോൾ ബാഗ് തിരികെ ഏൽപ്പിക്കുകയെന്നതായിരുന്നു അൻവറിന്റെ ദൗത്യം. നിയാസ്  സ്വർണക്കടത്തു സംഘത്തിലെ കണ്ണിയാണ്. മുൻപ് രണ്ടോ മൂന്നോ പ്രാവശ്യം ഇയാൾ സ്വർണം കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. 

സ്വർണക്കടത്തിന് ജീവനക്കാരും

നെടുമ്പാശേരി ∙ കുറച്ചുകാലത്തെ ഇടവേളയ്ക്കുശേഷം വിമാനത്താവളത്തിൽ വിവിധ ഏജൻസികളുടെ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള സ്വർണക്കള്ളക്കടത്ത് വീണ്ടും സജീവമാകുന്നതായി സൂചന. 

ഇന്നലെ പിടിയിലായ അൻവർ അബൂബക്കറും നിയാസും കാസർകോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണക്കടത്തു സംഘത്തിലെ കണ്ണികളാണെന്നാണു പ്രാഥമികാന്വേഷണത്തിൽ നിന്നു ലഭിക്കുന്ന വിവരം. നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഒറ്റത്തവണയായി എട്ടും പത്തും കിലോഗ്രാം വരെ സ്വർണം വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്നിരുന്നു. 

related stories