Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കോംപറ്റീഷൻ’ ഇല്ലാതിരുന്നതു കൊണ്ടു കപ്പൊന്നും കിട്ടിയില്ല

Kerala Legislative Assembly

‌നിയമനിർമാണത്തിൽ ലോകകപ്പ് മൽസരം നടത്തിയാൽ കേരള നിയമസഭ കപ്പടിക്കുമെന്നു തീർച്ച. സഭയുടെ മികവിന്റെ തെളിവു നിരത്തിയതു മന്ത്രി എ.കെ.ബാലനാണ്. നിയമസഭയെ നോക്കുകുത്തിയാക്കി ഓർഡിനൻസ് ഭരണമാണു നടക്കുന്നതെന്ന് എൻ.എ.നെല്ലിക്കുന്ന് ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ ഈ സഭ പാസാക്കിയ നിയമങ്ങളുടെ കണക്കു ബാലൻ നിരത്തി. ബാലന്റെ അവകാശവാദം സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ശരിവച്ചു.

ലോകകപ്പ് ലഹരി സഭയിലും പതഞ്ഞുപൊങ്ങി. സ്പെഷലിസ്റ്റ് അധ്യാപകരുടെ നിയമനത്തെക്കുറിച്ചുള്ള ഉപക്ഷേപത്തിനിടയിലാണു കോവൂർ കുഞ്ഞുമോൻ ലോകകപ്പിനെ കൂട്ടുപിടിച്ചത്. എന്നു വരും നമ്മുടെ നെയ്മർ? എന്നു വരും നമ്മുടെ മെസ്സി? എന്നു വരും നമ്മുടെ റൊണാൾഡോ– കുഞ്ഞുമോന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ആരും മറുപടി നൽകി ആശ്വസിപ്പിച്ചില്ല.

മൂന്നാറിലെയും അതിനു ചുറ്റുമുള്ള എട്ടു വില്ലേജുകളിലെയും ഭൂമി പ്രശ്നം കർഷകർക്കു സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണു കെ.എം.മാണി അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഇടുക്കിയിൽ മുൻ യുഡിഎഫ് സർക്കാർ 45,000 പേർക്കു പട്ടയം നൽകിയെന്നു മുൻ റവന്യു മന്ത്രി അടൂർ പ്രകാശ് പറഞ്ഞപ്പോൾ എസ്.രാജേന്ദ്രൻ പ്രതിഷേധവുമായി എഴുന്നേറ്റു. ഈവന്റ് മാനേജ്മെന്റിൽ ഐഎഎസ് എടുത്ത ചില ഉദ്യോഗസ്ഥരാണു സർക്കാർ അറിയാതെ ചില ഉത്തരവിറക്കി ഇടുക്കിയിൽ പ്രശ്നമുണ്ടാക്കുന്നതെന്നായി അദ്ദേഹം. ഇത്രയും പേർക്കു പട്ടയം നൽകിയെങ്കിലും രാജേന്ദ്രനു കൊടുക്കാനായില്ലെന്ന് അടൂർ പ്രകാശ് ദുഃഖിച്ചു. തനിക്കു പട്ടയമുണ്ടെന്നും ആരും വീണ്ടും തരേണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു. മൂന്നാറിൽ ചിലർക്കു വ്യാജപ്പട്ടയമുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ടെത്തി.

മദ്യത്തോട് അനിൽ അക്കരയ്ക്കു തീർത്താൽ തീരാത്ത പകയാണ്. അദ്ദേഹത്തിന്റെ മദ്യപനായ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. അപ്പൂപ്പൻ മദ്യപിച്ചു ബൈക്ക് ഓടിച്ചപ്പോഴുണ്ടായ അപകടത്തിലാണു മരിച്ചത്. അബ്കാരി ഭേദഗതി ബിൽ ചർച്ചയിലാണ് അനിൽ ഈ സ്വകാര്യ ദുഃഖങ്ങൾ പങ്കുവച്ചത്. കള്ളിൽ കഞ്ഞിവെള്ളം ചേർക്കുന്നതിനു കടുത്ത ശിക്ഷ വേണോ എന്നായിരുന്നു ജോൺ ഫെർണാണ്ടസിന്റെ ചോദ്യം. താൻ കഞ്ഞിവെള്ളം കുടിച്ചു വളർന്നവനാണെന്നും അതിൽ നാലഞ്ചു വറ്റുണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നും അദ്ദേഹം സെന്റിമെന്റലായി.

നെൽവയൽ തണ്ണീർത്തട സംരക്ഷണ ബില്ലിന്റെ ചർച്ച വഴിമാറി പിണറായി വിജയനു നരേന്ദ്ര മോദി സന്ദർശനാനുമതി നിഷേധിച്ചതിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാജ്ഭവനിൽ നടത്തിയ സമരത്തിലുമെത്തി. രാജ്ഭവനിലെ സെറ്റിയിൽ ചാരക്കുഴിയിൽ പട്ടി കിടക്കുന്നതുപോലെ കേജ്‌രിവാൾ കിടക്കുന്നതു കണ്ടതോടെയാണു തിരുവഞ്ചൂരിനു സമരത്തോട് അനുഭാവം നഷ്ടപ്പെട്ടത്.

നിയമസഭാ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ കൈകടത്തുന്നതിനെതിരെ സ്പീക്കറുടെ ശക്തമായ റൂളിങ് ഉണ്ടായി. വി.ഡി.സതീശന്റെ ക്രമപ്രശ്നത്തിലായിരുന്നു ഇത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണു ബിൽ പാസായത്. സിപിഐ അംഗങ്ങൾ ബില്ലിനു കാതലായ ചില ഭേദഗതികൾ നിർദേശിച്ചതു ശ്രദ്ധേയമായി. മന്ത്രി ജി.സുധാകരനു കെ.എം.ഷാജി മികച്ച സർട്ടിഫിക്കറ്റ് നൽകി: നീതിമാനായ മന്ത്രിയും മനുഷ്യസ്നേഹിയും.

ഇന്നത്തെ വാചകം

'നിയമനിർമാണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ നിയമസഭകളിൽ ചാംപ്യനാണു കേരള നിയമസഭ.' - സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ