Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎയുടെ തല്ലുകേസ്: നിയമപരമായി തലയൂരാൻ ഇരുപക്ഷവും ശ്രമം തുടങ്ങി

Ganesh-Kumar-Ananthakrishnan-Sheena

അഞ്ചൽ ∙ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ മാപ്പുപറച്ചിലോടെ ഒത്തുതീർപ്പായ തല്ലുകേസിൽനിന്നു നിയമപരമായി തലയൂരാൻ ഇരുപക്ഷവും ശ്രമം തുടങ്ങി. സാങ്കേതിക നടപടികൾ മാത്രമാണു ശേഷിക്കുന്നത്. എംഎൽഎയുടെ പ്രതിനിധി ഇന്നലെ അ‍ഞ്ചൽ സിഐ ഓഫിസിൽ എത്തി ഇതിനുള്ള പ്രാഥമിക നടപടികൾ നടത്തി. ഗണേഷ്കുമാറിൽനിന്ന് അപമാനം ഉണ്ടായെന്നു പരാതിപ്പെട്ട അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഷീനയും മകൻ അനന്തകൃഷ്ണനും പരാതികളിൽനിന്നു പിന്മാറാൻ തയാറാണെന്നു പൊലീസിൽ അറിയിച്ചതായി സൂചനയുണ്ട്. ഇവരിൽനിന്നു പൊലീസ് വീണ്ടും മൊഴിയെടുക്കേണ്ടിവരും.

ഇതിനിടെ, ഗണേഷ്കുമാറിന്റെ അക്രമത്തിന് ഇരയായെന്നു പരാതിപ്പെട്ട അമ്മയ്ക്കും മകനും ഒപ്പം തുടക്കം മുതൽ ഉറച്ചുനിന്ന പൊതുസമൂഹം അതൃപ്തിയിലാണ്. ചിലരുടെ മധ്യസ്ഥ ശ്രമങ്ങളെ തുടർന്നു പുനലൂർ എൻഎസ്എസ് യൂണിയൻ ഓഫിസിൽ പ്രശ്നം അവസാനിപ്പിച്ച രീതി ശരിയായില്ല എന്ന അഭിപ്രായം ശക്തമാണ്. അമ്മയ്ക്കും മകനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ്, ബിജെപി തുടങ്ങിയ പാർട്ടികൾ പൊലീസ് സ്റ്റേഷൻ മാർച്ചും മറ്റു സമരങ്ങളും നടത്തിയിരുന്നു.