Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ: കിലോമീറ്റർ നോക്കി നിർമാണ ഇളവുകൾ നൽകാനാവില്ലെന്നു മന്ത്രി

e-chandrasekharan minister

തിരുവനന്തപുരം∙ മൂന്നാർ ട്രൈബ്യൂണലിന്റെ പരിധിയിൽ വരുന്ന എട്ടു വില്ലേജുകളിലാണു നിർമാണ പ്രവർത്തനങ്ങൾക്കു നിയന്ത്രണമുള്ളതെന്നും കിലോമീറ്റർ നോക്കി ഒരു പ്രദേശത്തെ ഒഴിവാക്കാനാകില്ലെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. ഗൃഹനിർമാണത്തിന് ആർഡിഒയിൽ നിന്ന് അനുമതി വാങ്ങുന്നതു പലർക്കും അസൗകര്യമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഇതിനുള്ള അധികാരം വില്ലേജ് ഓഫിസർമാർക്ക് നൽകിയതെന്നും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു. ജനപ്രതിനിധികളടക്കമുള്ളവരുടെ ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. ഇനി ഇതു പിൻവലിക്കുന്നതു ജനങ്ങൾക്കു ബുദ്ധിമുട്ടാകുമെന്നും മൂന്നാർ പ്രദേശത്തെ നിർമാണ നിയന്ത്രണത്തിനെതിരെ കെ.എം.മാണി ഉന്നയിച്ച അടിയന്തര പ്രമേയത്തിനു മറുപടി നൽകവെ മന്ത്രി ചൂണ്ടിക്കാട്ടി.

കെ.എം.മാണിയുടെ വാദത്തെ സിപിഎമ്മിന്റെ പ്രതിനിധിയായ എസ്.രാജേന്ദ്രനും പിന്തുണച്ചു. സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കണമെന്നു രാജേന്ദ്രൻ ആവശ്യപ്പെട്ടു. 2010ൽ ഹൈക്കോടതി വിധി വന്നതാണെങ്കിലും 2016 വരെ ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും ഇറക്കിയിരുന്നില്ലെന്നും ആളുകൾക്കു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് മാറ്റണമെന്ന് ഇ.എസ്.ബിജിമോളും ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ 45,000 പട്ടയം ഇടുക്കിയിൽ വിതരണം ചെയ്തിരുന്നുവെന്നും എന്നാൽ അതെല്ലാം ഇപ്പോൾ നിലച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കക്ഷിനേതാക്കളായ എം.കെ.മുനീർ, പി.ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വോക്കൗട്ടിനു മുൻപായി പ്രസംഗിച്ചു.