Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ: നിർമാണങ്ങൾക്കു പ്രത്യേക നിയമം പരിഗണനയിലെന്നു മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ മൂന്നാറിലെ നിർമാണപ്രവർത്തനങ്ങളുടെ കാര്യത്തിൽ പ്രത്യേക നിയമമുണ്ടാക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സർക്കാർ ഉത്തരവു പ്രകാരം അവിടെ നിർമാണ പ്രവർത്തനത്തിന് അനുമതി നൽകണമെന്നു കലക്ടറോടു നിർദേശിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് സബ് കലക്ടർ താഴേക്കു നൽകിയപ്പോൾ നിർമാണാനുമതി നൽകുന്നതിനു ചില വിലക്കുകൾ വരുംവിധമുള്ള കത്തു സഹിതമാണ് അയച്ചത്. ഇതു സർക്കാരിന്റെ ഉദ്ദേശ്യത്തിനു ചേർന്നതല്ല– മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

മൂന്നാർ പ്രദേശത്തു നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണത്തിനെതിരെ കെ.എം.മാണി ഉന്നയിച്ച അടിയന്തര പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ ഉറപ്പിൽ തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചു സഭയിൽനിന്ന് ഇറങ്ങിപ്പോയി. വീടു നിർമിക്കാൻ ഇളവു നൽകുന്നതിന്റെ പേരിൽ വൻകിടക്കാർ ബഹുനില കെട്ടിടം കെട്ടിപ്പൊക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മൂന്നാർ പ്രദേശത്തു മാത്രമായി നിയന്ത്രണം പരിമിതപ്പെടുത്താമെന്നിരിക്കെ, 50 കിലോമീറ്റർ അകലെയുള്ള വില്ലേജുകൾ നിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ടുവന്നതു രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നു മാണി പറഞ്ഞു. സ്വന്തം വീടു നിർമാണത്തിനു വില്ലേജ് ഓഫിസറിൽനിന്ന് അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കണം. പട്ടയം ലഭിക്കാത്തവർക്ക് അവരുടെ അനന്തരാവകാശികൾക്കു സ്ഥലം കൈമാറാനോ പോക്കുവരവു ചെയ്യാനോ കഴിയുന്നില്ലെന്നും മൂന്നാറിലെ ഹർത്താലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനു വേണ്ടി മാണി ചൂണ്ടിക്കാട്ടി 

റവന്യു വകുപ്പിന്റെ നിരാക്ഷേപ സർട്ടിഫിക്കറ്റോ പഞ്ചായത്തിന്റെ അനുമതിയോ ഇല്ലാതെ നിർമാണങ്ങളൊന്നും മൂന്നാർ മേഖലയിൽ നടത്തുന്നില്ല എന്ന് ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതനുസരിച്ചാണു ഗൃഹനിർമാണത്തിന് എൻഒസി നൽകാൻ ആർഡിഒയ്ക്ക് അധികാരം നൽകിയത്. വളരെ ദൂരെയുള്ള വില്ലേജുകളിലെ ജനങ്ങൾക്ക് ഇതുണ്ടാക്കിയ പ്രയാസം പരിഗണിച്ചാണു പിന്നീടു വില്ലേജ് ഓഫിസർമാർക്ക് ഈ അധികാരം നൽകിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

related stories