Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സ് നിയമനം: കേരളവുമായി സഹകരിക്കുമെന്നു കുവൈത്ത്

Nurse

കുവൈത്ത് സിറ്റി● കുവൈത്തിലേക്കു നേരിട്ടുള്ള നഴ്സ് റിക്രൂട്മെന്റ് സംബന്ധിച്ചു കേരള തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.മുസ്‌തഫ അൽ റിദായുമായി കൂടിക്കാഴ്ച നടത്തി. സർക്കാരുമായി നേരിട്ടുള്ള സഹകരണമാണു മന്ത്രാലയം താൽപര്യപ്പെടുന്നതെന്ന് അണ്ടർസെക്രട്ടറി അറിയിച്ചതായി മന്ത്രി രാമകൃഷ്ണൻ പറഞ്ഞു. സുതാര്യമായ നിലയിലുള്ള നിയമനത്തിന് എംബസിയുമായി ബന്ധപ്പെട്ടു തുടർനടപടികൾ ആകാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കുവൈത്തിൽ എത്തിയ ശേഷം തൊഴിലും ശമ്പളവും ലഭിക്കാത്ത 80 മലയാളി നഴ്സുമാരുടെ പ്രശ്നവും മന്ത്രി നേതൃത്വം നൽകിയ ഒഡെപെക് (ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ്സ്) സംഘം ചർച്ചയിൽ ഉന്നയിച്ചു. പ്രശ്നപരിഹാരത്തിനുള്ള വഴികൾ മന്ത്രാലയത്തിന്റെ ആലോചനയിലുണ്ടെന്ന് അണ്ടർ സെക്രട്ടറി ഉറപ്പുനൽകിയതായും മന്ത്രി അറിയിച്ചു. ഇന്നു കുവൈത്ത് തൊഴിൽ-സാമൂഹിക മന്ത്രി ഹിന്ദ് അൽ സബീഹുമായി കൂടിക്കാഴ്ച നടത്തും. കുവൈത്തിൽ പ്രവാസി മലയാളി ബിസിനസ് മീറ്റിലും മന്ത്രി ടി.പി.രാമകൃഷ്ണൻ പങ്കെടുത്തു. മലയാളി നഴ്സുമാരുടെ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും ലോകത്താകമാനം കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ശ്രമത്തിലാണ് ഒഡെപെക് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.