Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണേഷിന്റെ തല്ലുകേസ്: പരാതികൾ പിൻവലിക്കാൻ ഇരുകൂട്ടരുടെയും അപേക്ഷ; നിയമക്കുരുക്കായി പരാതിക്കാരിയുടെ രഹസ്യമൊഴി

Ganesh-Kumar-Ananthakrishnan-Sheena

അഞ്ചൽ ∙ തല്ലുകേസിൽനിന്നു തലയൂരാൻ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ പ്രതിനിധി പൊലീസിൽ അപേക്ഷ നൽകി. എംഎൽഎയുടെ മർദനവും അപമാനവും നേരിട്ടെന്നു മൊഴി നൽകിയ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഷീനയും മകൻ അനന്തകൃഷ്ണനും തൊട്ടുപിന്നാലെ സ്റ്റേഷനിൽ എത്തി കേസുകളിൽനിന്നു പിൻമാറുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു.

ഇന്നലെ വൈകിട്ടു നാലോടെയാണു വാദികളും പ്രതിയുടെ പ്രതിനിധിയും അഞ്ചൽ സിഐയ്ക്കു മുന്നിലെത്തിയത്. മകനെ മർദിക്കുന്നതു തടഞ്ഞ തന്റെ കയ്യിൽ എംഎൽഎ കടന്നുപിടിച്ചെന്നും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നുമാണു ഷീന മൊഴി നൽകിയിരുന്നത്. തന്നെ കാറിൽ നിന്നു പിടിച്ചിറക്കി ഗണേഷ്കുമാർ അടിച്ചെന്നാണ് അനന്തകൃഷ്ണന്റെ പരാതി. ഗണേഷ്കുമാറിന്റെ സ്റ്റാഫ് അംഗത്തെ ജാക്കി ലിവർ ഉപയോഗിച്ച് അടിച്ചെന്നാണ് അനന്തകൃഷ്ണന്റെ പേരിലുള്ള കേസ്.

ഈ പരാതി പിൻവലിക്കാനാണ് എംഎൽഎയുടെ പ്രതിനിധി അപേക്ഷ നൽകിയത്. അപേക്ഷകളെ തുടർന്ന് അനന്തര നടപടികൾ പൊലീസ് നിർത്തിവച്ചെങ്കിലും കോടതിയിൽ ഷീന നൽകിയ രഹസ്യമൊഴി നിലനിൽക്കുന്നതിനാൽ പ്രശ്നപരിഹാരം പൂർണമായിട്ടില്ല. കേസ് കോടതി തള്ളിക്കളയുന്നതുവരെ നിയമക്കുരുക്ക് നിലനിൽക്കും.