Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിഭാഷകരുടെ ‘നിയമസഹായ വാദം’ തള്ളി; കേസ് തുടരും

Dileep, Pulsar Suni

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ഗുണ്ടകളെ സംരക്ഷിച്ച സംഭവത്തിൽ പ്രതികളായ അഭിഭാഷകരുടെ ‘നിയമസഹായ വാദം’ വിചാരണക്കോടതി തള്ളി. നടൻ ദിലീപ്, സുനിൽകുമാർ (പൾസർ സുനി) എന്നിവരടക്കം പ്രതികളായ കേസിലെ 11–ാം പ്രതി അഡ്വ. പ്രതീഷ് ചാക്കോ, 12–ാം പ്രതി അഡ്വ. രാജു ജോസഫ് എന്നിവർ സമർപ്പിച്ച വിടുതൽ ഹർജിയാണു കോടതി തള്ളിയത്.

തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നഗരത്തിലെ അറിയപ്പെടുന്ന അഭിഭാഷകരെന്ന നിലയിൽ ഈ കേസിലെ പ്രതികൾക്കു നിയമസഹായം നൽകിയതിനാണു പൊലീസ് പ്രതിചേർത്തതെന്നായിരുന്നു ഇവരുടെ വാദം. തെളിവുകൾ നശിപ്പിച്ച കുറ്റമാണ് അഭിഭാഷകരായ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ ഇനിയും രേഖകൾ ലഭിക്കാനുണ്ടെന്നു ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.

ഫൊറൻസിക് റിപ്പോർട്ട് അടക്കം അപൂർണമായാണു നൽകിയത്. നാൽപതോളം രേഖകൾ ദിലീപും 200 രേഖകൾ സുനിൽകുമാറും വീണ്ടും കോടതിയിൽ ആവശ്യപ്പെട്ടു. ഓരോ തവണ കേസ് വിളിക്കുമ്പോഴും പ്രതികളുടെ അഭിഭാഷകർ കൂടുതൽ രേഖകൾ ആവശ്യപ്പെടുന്നതിനെ കോടതി പരോക്ഷമായി വിമർശിച്ചു. പ്രതിഭാഗം സഹകരിച്ചാൽ കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കി വിധിപറയാമെന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

related stories