Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം അമാന്തിച്ചു; വയനാട് പുറത്തായി

ന്യൂഡൽഹി∙ വിവരങ്ങൾ സമയബന്ധിതമായി നൽകാൻ കഴിയാത്ത കേരളത്തെ ഒഴിവാക്കി വികസനസാധ്യതയുള്ള പിന്നാക്ക ജില്ലകളുടെ പട്ടിക നിതി ആയോഗ് പുറത്തിറക്കി. 108 ജില്ലകളുൾപ്പെട്ട പട്ടികയിൽ കേരളത്തിൽനിന്ന് ഒന്നുപോലുമില്ല. വിവരങ്ങൾ ലഭ്യമാക്കാൻ വൈകിയതു മൂലം പദ്ധതിയിൽ താൽപര്യമറിയിച്ചിരുന്ന വയനാടിനെ പട്ടികയിൽ ഉൾപ്പെടുത്താനായില്ലെന്നു നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കി. വിവരങ്ങൾ നൽകുന്ന മുറയ്ക്ക് അടുത്ത പട്ടികയിൽ ഉൾപ്പെടുത്തും. വയനാടിനു പുറമേ, ഒഡിഷയിലെ മൂന്നു ജില്ലകളെയും ഇതേ കാരണത്താൽ ഒഴിവാക്കി. വികസന പദ്ധതികൾക്കുള്ള കേന്ദ്ര സഹായം ഈ ജില്ലകൾക്കു തൽക്കാലം ലഭിക്കില്ല.

പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമില്ലെന്നു നേരത്തേ അറിയിച്ചിരുന്ന കേരളം, പിന്നീടാണു നിലപാടു മാറ്റിയത്. ജില്ലകൾ നിശ്ചയിച്ചതിൽ വേണ്ട രീതിയിലുള്ള കൂടിയാലോചനകൾ നടന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു കേരളം ആദ്യം വിട്ടുനിന്നത്. ആരോഗ്യം, പോഷകാഹാര ലഭ്യത, വിദ്യാഭ്യാസം, കൃഷി വികസനം, സാമ്പത്തിക ആനുകൂല്യങ്ങളുടെ ലഭ്യത, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യം എന്നിവ പരിഗണിച്ചാണു ജില്ലകളുടെ പട്ടിക തയാറാക്കിയത്. ഇവയിൽ ജില്ലയിൽ നിലവിലുള്ള സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണു സംസ്ഥാനം കൈമാറേണ്ടിയിരുന്നത്. 

ഉറപ്പു ലഭിച്ചിരുന്നുവെന്ന് സർക്കാർ

തിരുവനന്തപുരം ∙ വയനാടിനെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പു ലഭിച്ചിരുന്നതായി അധികൃതർ പറയുന്നു. വയനാടിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറിയാണ് അപേക്ഷ നൽകിയത്. ജില്ലയെ സംബന്ധിച്ച ആവശ്യപ്പെട്ട വിവരങ്ങളെല്ലാം ൈകമാറി. അപേക്ഷയുടെ പകർപ്പ് വയനാട് കലക്ടർക്കും നൽകിയിരുന്നു. 

വളർച്ചയിൽ ഒന്നാമത് ഗുജറാത്തിലെ ദാഹോദ്

108 പിന്നാക്ക ജില്ലകളുടെ സ്ഥിതി വ്യക്തമാക്കുന്ന കേന്ദ്ര പട്ടികയിൽ ഏറ്റവും പുരോഗതി കൈവരിച്ച ജില്ല ഗുജറാത്തിലെ ദാഹോദ്. വെസ്റ്റ് സിക്കിം, രാമനാഥപുരം (തമിഴ്നാട്), വിജയനഗരം, വൈഎസ്ആർ കടപ്പ (ആന്ധ്ര) എന്നിവയാണു രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ. ജമ്മു–കശ്മീരിലെ കുപ്‌വാരയാണ് ഏറ്റവും പിന്നിൽ (108–ാം സ്ഥാനം). ബേഗുസരായ് (ബിഹാർ), റാഞ്ചി, സിംദേഗ (ജാർഖണ്ഡ്), ഘഗാരിയ (ബിഹാർ) എന്നിവയാണു തൊട്ടുമുകളിലുള്ളവ.

related stories