Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട്ട് ബിജെപി വോട്ട് അസാധു, സ്ഥിരം സമിതി യുഡിഎഫിന്

congress-bjp-logos

പാലക്കാട്∙ നഗരസഭയിൽ ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായതോടെ യുഡിഎഫിനു വികസനകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷ സ്ഥാനം ലഭിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതിയിലും യുഡിഎഫിനാണ് അധ്യക്ഷ സ്ഥാനം. ബിജെപിയാണു നഗരസഭ ഭരിക്കുന്നത്. വികസനകാര്യ സമിതിയിൽ എം. സഹീദയും വിദ്യാഭ്യാസ സമിതിയിൽ എൻ. സുഭദ്രയുമാണു വിജയിച്ചത്.

ഒൻപതംഗങ്ങളുള്ള വികസന കാര്യ സമിതിയിൽ ബിജെപി അംഗം എസ്.പി.അച്യുതാനന്ദന്റെ വോട്ടാണ് അസാധുവായത്. ബിജെപി സംസ്ഥാന പ്രഫഷനൽ സെൽ സഹ കൺവീനറും 22–ാം വാർഡ് കൗൺസിലറുമായ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു. ബാലറ്റിനു പിന്നിൽ പേരും ഒപ്പും രേഖപ്പെടുത്താത്തതാണു വോട്ട് അസാധുവാക്കാൻ കാരണം.

സമിതിയിൽ യുഡിഎഫിനും ബിജെപിക്കും നാലു വീതം അംഗങ്ങളാണുള്ളത്. സിപിഎം അംഗം പി.സുനിൽകുമാർ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. ബിജെപി സ്ഥാനാർഥി ടി.ബേബിക്ക് മൂന്നു വോട്ടു ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി എം.സഹീദ ബാലറ്റിനു പിന്നിൽ പേരെഴുതിയപ്പോൾ ഇനീഷ്യലിനു മുകളിൽ ഒന്നു കൂടി രേഖപ്പെടുത്തി കനപ്പിച്ചതിനാൽ വോട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ബഹളം വച്ചെങ്കിലും ഇവരുടെ വാദം വരണാധികാരിയും തിരഞ്ഞെടുപ്പു കമ്മിഷനും തള്ളി.

വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ യുഡിഎഫ് സ്ഥാനാർഥി എൻ.സുഭദ്രയ്ക്കു നാലു വോട്ടും ബിജെപി സ്ഥാനാർഥി കെ.ദിവ്യയ്ക്ക് മൂന്നു വോട്ടും ലഭിച്ചു. യുഡിഎഫ് നാല്, ബിജെപി മൂന്ന്, സിപിഎം ഒന്ന് എന്നിങ്ങനെയാണു സമിതിയിലെ കക്ഷിനില. സിപിഎം അംഗം പി.ആർ.സുജാത വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.

related stories