Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവാസ്കറുടെ ഹർജി: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

gavaskar-sudesh-kumar

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവർ ഗവാസ്കർ എഡിജിപി സുദേഷ് കുമാറിന്റെ മകളോട് അപമര്യാദയായി പെരുമാറിയെന്ന കേസ് റദ്ദാക്കണമെന്ന ഹർജിയിൽ ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി വ്യക്തമാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൂർത്തിയാക്കാൻ സമയം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

തനിക്കെതിരെ പൊലീസ് എടുത്തതു കള്ളക്കേസാണെന്നും അതിനാൽ റദ്ദാക്കണമെന്നുമാണു ഗവാസ്കറുടെ ഹർജി. നാലിനു ഹൈക്കോടതി ഇതു പരിഗണിക്കും. പരാതി വ്യാജമാണെന്നു ക്രൈംബ്രാഞ്ചിനു നേരത്തേ തെളിവ് ലഭിച്ചിരുന്നു. ഔദ്യോഗിക വാഹനം കയറി കാലിൽ പരുക്കേറ്റെന്നു പൊലീസിനു പരാതി നൽകിയ എഡിജിപിയുടെ മകൾ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റെന്ന പേരിലാണു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്. അതു സംബന്ധിച്ച രേഖകളും ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. എന്നിട്ടും പരാതി വ്യാജമാണെന്നു ക്രൈംബ്രാഞ്ച് തീർപ്പാക്കിയിട്ടില്ല.

അതേസമയം, സുദേഷ് കുമാറിന്റെ മകൾ ഗവാസ്കറെ മർദിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മെല്ലപ്പോക്കിലാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണു കേസ് എടുത്തിട്ടുള്ളതെങ്കിലും സംഭവം നടന്നു 17 ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ കൂടുതൽ തെളിവ് ശേഖരിക്കുകയോ ചെയ്യുന്നില്ല. അറസ്റ്റിന് ആവശ്യമായ തെളിവ് ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. മർദനത്തിനു ദൃക്സാക്ഷികളില്ലെന്നും അവർ പറയുന്നു.

പൊലീസ് ആസ്ഥാനത്തു നിന്നുള്ള നിർദേശപ്രകാരമാണു അറസ്റ്റ് വേണ്ടെന്നുവച്ചത്.

ഇതിനിടെ, ഗവാസ്കർ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പുതിയ ആരോപണം ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ മകൾ ഉന്നയിച്ചിട്ടുണ്ട്. സുദേഷ് കുമാറും സമാന മൊഴിയാണു നൽകിയത്. ഈ കേസിൽ അദ്ദേഹത്തിന് ഒരു പങ്കുമില്ലാതിരുന്നിട്ടും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിനു കൈമാറി സുദേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

ഗവാസ്കറെ സമ്മർദത്തിലാക്കി മകൾക്കെതിരായ കേസ് പിൻവലിപ്പിക്കാനുള്ള നീക്കമാണ് ഒരു വിഭാഗം ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ നടത്തുന്നത്. അതിന്റെ ഭാഗമായാണ് അടുത്തിടെ ഐപിഎസ് അസോസിയേഷന്റെ സമാന്തര യോഗം ചിലർ വിളിച്ചുചേർത്തതും. കോടതി എന്തു നിലപാടു സ്വീകരിക്കുമെന്നു നോക്കി അന്വേഷണത്തിൽ തുടർ നടപടി സ്വീകരിച്ചാൽ മതിയെന്നാണ് ഉന്നത നിർദേശം.